തിരുവനന്തപുരം: പലവട്ടം ചർച്ച നടത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിയോഗിച്ചെങ്കിലും പദവി പ്രതീക്ഷിച്ചിരുന്ന വൈസ് പ്രസിഡന്റ് അബിൻ വർക്കി അതൃപ്തി പരസ്യമാക്കിയത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി. അബിനെ അദ്ധ്യക്ഷനാക്കാത്തതിൽ രമേശ് ചെന്നിത്തലയടക്കം ചില കോൺഗ്രസ് നേതാക്കൾക്കും അമർഷമുണ്ട്.
അബിനെ ദേശീയ സെക്രട്ടറിയാക്കിയെങ്കിലും ചുമതല ഏറ്റെടുക്കില്ലെന്നാണ് സൂചന. കേരളത്തിൽ പ്രവർത്തനം തുടരാനാണ് ആഗ്രഹമെന്ന് അബിൻ തുറന്നു പറയുകയും ചെയ്തു. താൻ ക്രിസ്ത്യാനിയായത് പ്രശ്‌നമാണോ എന്നറിയില്ലെന്നും അബിൻ പ്രതികരിച്ചിരുന്നു. അബിന്റെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനുള്ള കരുതലിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനായി അനുനയ ശ്രമങ്ങളും നടക്കുന്നുണ്ട്.
അദ്ധ്യക്ഷ പദവി കിട്ടാത്തതിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാതെ, ദേശീയതലത്തിൽ പ്രവർത്തിക്കേണ്ടി വരുന്നതിലെ നീരസം അബിൻ ഇന്നലെ പ്രകടിപ്പിച്ചിരുന്നു. കേരളത്തിൽ തുടരാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു. എന്നാൽ കേരളത്തിലിരുന്നുതന്നെ രാജ്യത്താകെ പ്രവർത്തിക്കുന്നതിലെന്താണ് കുഴപ്പമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്.
അതേസമയം, അബിന്റെ അതൃപ്തിക്ക് കാരണം ബിനു ചുള്ളിയിലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റാക്കിയതു കൂടിയാണെന്നും സൂചനയുണ്ട്. യൂത്ത് കോൺഗ്രസിന് സംസ്ഥാനത്ത് വർക്കിംഗ് പ്രസിഡന്റ് ആദ്യമാണ്.
സമുദായ പരിഗണന ഉറപ്പാക്കാൻ
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കെ.പി.സി.സി അദ്ധ്യക്ഷന് പിന്നാലെ അതേ വിഭാഗത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെയും നിയമിച്ചാൽ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാനാവില്ലെന്നതു കൊണ്ടാണ് അബിനെ തഴഞ്ഞതെന്നാണ് വിലയിരുത്തൽ. അർഹമായ പ്രാതിനിധ്യം ഈഴവ സമുദായത്തിന് കോൺഗ്രസ് നൽകുന്നില്ലെന്ന ആക്ഷേപം സജീവമാണ്. അതിനാലാണ് ജനീഷിനെ പരിഗണിച്ചതെന്നും സൂചനയുണ്ട്.
'പാർട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിൽ തുടരണമെന്നാണ് ആഗ്രഹം".
-അബിൻ വർക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |