മഡ്ഗാവ് : സിംഗപ്പൂരിനെതിരെ ഇന്നലെ ഗോവ ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽവിയേറ്റുവാങ്ങിയതോടെ മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ സാദ്ധ്യതകൾ മങ്ങി. ഒരു ഗോളിന് മുന്നിൽ നിന്നശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. 14-ാം മിനിട്ടിൽ ആദ്യ ഗോളടിച്ചത് ഇന്ത്യയായിരുന്നു. എന്നാൽ 44-ാം മിനിട്ടിലും 58-ാം മിനിട്ടിലുമായി സോംഗ് ഉയിയോംഗ് നേടിയ രണ്ടുഗോളുകൾ ഇന്ത്യയെ തകർത്തുകളഞ്ഞു.
35 വാര അകലെനിന്ന് തകർപ്പൻ ഒരു ഷോട്ടിലൂടെ ലാലിയൻസുവാല ചാംഗ്തെയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. വെറ്ററൻ താരം സുനിൽ ഛെത്രിക്കൊപ്പം മുന്നേറ്റനിരയിലിറങ്ങിയ ചാംഗ്തെ തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടിരുന്നു.20-ാം മിനിട്ടിൽ ചാംഗ്തെയിൽ നിന്ന് നല്ലൊരു പാസ് ബോക്സിനുള്ളിൽ ഛെത്രിക്ക് ലഭിച്ചെങ്കിലും സിംഗപ്പൂർ പ്രതിരോധഭടൻ ബഹാറുദീൻ നിർവീര്യമാക്കി. 29-ാം മിനിട്ടിലെ ഇന്ത്യൻ മുന്നേറ്റവും തടുത്തത് ബഹാറുദ്ദീനാണ്. 44-ാം മിനിട്ടിൽ സോംഗ് ഉയിയോംഗാണ് സിംഗപ്പൂരിന് വേണ്ടി സമനില പിടിച്ചത്. ഇടവേളകഴിഞ്ഞെത്തി വൈകാതെ ഉയിയോംഗ് സന്ദർശകരുടെ രണ്ടാം ഗോളും നേടി.
യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയിലെ നാലുമത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം തോൽവിയാണിത്. രണ്ട് സമനിലകളിലൂടെ രണ്ട് പോയിന്റ് നേടിയ ഇന്ത്യ നാലുപേരടങ്ങുന്ന ഗ്രൂപ്പിൽ അവസാനസ്ഥാനത്താണ്. നവംബർ 18ന് ബംഗ്ളാദേശിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |