മുംബയ്: അമിതാഭ്ബച്ചനോടുള്ള പെരുമാറ്റത്തിന്റെ പേരിൽ അഞ്ചാം ക്ലാസുകാരനു നേരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെതിരെ ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. അമിതാഭ് ബച്ചൻ നയിക്കുന്ന 'കോൻ ബനേഗ ക്രോർപതി 17' എന്ന പരിപാടിയിൽ ഇരുവരും തമ്മിലുണ്ടായ സംഭാഷണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അമിതാഭ്ബച്ചൻ അവതാരകനായ പരിപാടിയിൽ മത്സരാർത്ഥിയായാണ് ഗുജറാത്തിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇഷിഭ് ഭട്ട് എത്തിയത്.
എന്നാൽ, പരിപാടിയിലെ കുട്ടിയുടെ പെരുമാറ്റം, ചോദ്യങ്ങൾക്ക് മറുപടി പറയുന്ന രീതി എന്നിവ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. കുട്ടിയെ മാതാപിതാക്കൾ നന്നായിപെരുമാറാൻ പഠിപ്പിക്കണമായിരുന്നെന്നും അഭിപ്രായങ്ങളുയർന്നു. മാത്രമല്ല, രക്ഷാകർതൃത്വത്തെക്കുറിച്ചും റിയാലിറ്റി ഷോകളിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കും സംഭവം തുടക്കം കുറിച്ചു. കുട്ടിയുടെ ചിത്രവും വീഡിയോയും ഉൾപ്പെടെ പങ്കുവച്ചാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ നടക്കുന്നത്.
സോഷ്യൽ മീഡിയയിലെ ഇത്തരം പ്രവണതകൾക്ക് എതിരെയാണിപ്പോൾ ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തിയത്. 'ഇന്റർനെറ്റിലെ ഏറ്റവും വെറുക്കപ്പെട്ട കുട്ടി' എന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വ്യക്തിയുടെ ചിത്രം പങ്കുവച്ചായിരുന്നു ചിന്മയിയുടെ പ്രതികരണം.'ട്വിറ്ററിലെ മുതിർന്നവരിൽ ഏറ്റവും വൃത്തികെട്ട, അസഭ്യം പറയുന്ന, അധിക്ഷേപം പറയുന്നവരിൽ ഒരാളാണ്. ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചപ്പോൾ ഈ ശബ്ദങ്ങളൊന്നും പുറത്തുവന്നില്ല'' ചിന്മയി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭീകരന്മാരുടെ ഒരു കൂട്ടമെന്നാണ് ഇത്തരത്തിൽ വിമർശനങ്ങൾ നടത്തുന്നവരെ ചിന്മയി വിശേഷിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ പെരുമാറ്റത്തിന് സൂക്ഷ്മ പരിശോധന നടത്തുന്ന സോഷ്യൽ മീഡിയാ പ്രവണതകൾക്കെതിരെ ഒരു വലിയ വിഭാഗം ആളുകൾ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |