ചരിത്രം കുറിച്ച് കേപ് വെർദേ ഫുട്ബാൾ ലോകകപ്പിന്
പ്രായ്‌യ : അടുത്ത വർഷത്തെ ഫിഫ ഫുട്ബാൾ ലോകകപ്പിന് ആഫ്രിക്കൻ മേഖലയിൽ നിന്ന് യോഗ്യതനേടി ചരിത്രം കുറിച്ച് കുഞ്ഞൻ ദ്വീപ് രാഷ്ട്രമായ കേപ് വെർദേ.കഴിഞ്ഞരാത്രി നടന്ന യോഗ്യതാറൗണ്ട് മത്സരത്തിൽ എസ്വാറ്റിനിയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേപ് വെർദേ 2026ലെ ലോകകപ്പിൽ കളിക്കാൻ യോഗ്യരായിരിക്കുന്നത്. കാമറൂൺ, ലിബിയ,അംഗോള,മൗറീഷ്യസ് എന്നിവരുമടങ്ങിയ ഗ്രൂപ്പിലെ 10 മത്സരങ്ങളിൽ ഏഴെണ്ണത്തിൽ ജയിക്കുകയും രണ്ട് സമനിലകൾ വഴങ്ങുകയും ചെയ്ത് 23 പോയിന്റുമായാണ് കേപ് വെർദേയുടെ കന്നി ലോകകപ്പ് പ്രവേശനം.
ഐസ്‌ലാൻഡാണ് ലോകകപ്പ് കളിച്ച ഏറ്റവും ചെറിയ രാജ്യം. 2018ലായിരുന്നു ഐസ്‌ലാൻഡ് കളിച്ചത്. ഐസ്‌ലാൻഡ് കഴിഞ്ഞാൽ ഏറ്റവും ചെറിയ രാജ്യത്തിനുള്ള റെക്കാഡ് കേപ് വെർദേയ്ക്കാണ്. ചരിത്രനേട്ടത്തിൽ കേപ് വെർദേ ഫുട്ബാൾ ടീമിനെ ഫിഫ പ്രസിഡന്റ് ജിയോവന്നി ഇൻഫാന്റിനോ അഭിനന്ദിച്ചു. അടുത്തവർഷം അമേരിക്ക,കാനഡ,മെക്സിക്കോ എന്നിങ്ങനെ മൂന്ന് രാജ്യങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. ആഫ്രിക്കൻ വൻകരയിൽ നിന്ന് അൾജീരിയ,ഈജിപ്ത്, മൊറോക്കോ, ടുണീഷ്യ,ഘാന എന്നീ രാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.
ഇന്ത്യയുടെ 815ൽ
ഒന്നുമാത്രം വലിപ്പം
ഇന്ത്യയുടെ 815ൽ ഒന്നുമാത്രമാണ് കേപ് വെർദേയുടെ വലിപ്പം. 4033 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. കേരളത്തിന്റെ വിസ്തീർണ്ണം മാത്രം 38863 ചതുരശ്ര കിലോമീറ്റർ വരും. നമ്മുടെ ഇടുക്കി ജില്ലയേക്കാൾ വലിപ്പം കുറവ്. 4,436 ചതുരശ്ര കിലോമീറ്ററാണ് ഇടുക്കിയുടെ വിസ്തീർണം. അഞ്ചരലക്ഷത്തോളമാണ് ജനസംഖ്യ.
കാബോ വെർദേ എന്നും അറിയപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ മദ്ധ്യ അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ്. ജനവാസമില്ലായിരുന്ന ദ്വീപുകളെ 15-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തി കോളനിയാക്കി. 1975ലാണ് സ്വാതന്ത്ര്യം ലഭിച്ചത്.
2002 മുതൽ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിലാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 2013,2023 വർഷങ്ങളിൽ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഫുട്ബാളിലെ ഇതിനുമുമ്പുള്ള വലിയ നേട്ടം.
70
ഫിഫ റാങ്കിംഗിൽ കേപ് വെർദേയുടെ സ്ഥാനം. 2014ൽ 28-ാം സ്ഥാനത്തുവരെയെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |