പുതിയ സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു
നായകൻ മുഹമ്മദ് അസറുദ്ദീൻ, സഞ്ജു ടീമിൽ, എതിരാളികൾ മഹാരാഷ്ട്ര, വേദി ഗ്രീൻഫീൽഡ്
9.30 am മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ലൈവ്
തിരുവനന്തപുരം : കഴിഞ്ഞസീസണിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ കളിച്ച ഓർമ്മകളുടെ വീര്യത്തിൽ കിരീടസ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ പകർന്ന് കേരള ക്രിക്കറ്റ് ടീം ഇന്ന് രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ എന്ന പുതിയ നായകനാണ് ഈ സീസണിൽ കേരളത്തിന്റെ കടിഞ്ഞാണേന്തുന്നത്. ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടങ്ങുന്ന ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ.
ഇന്ത്യൻ താരം സഞ്ജു സാംസണും കഴിഞ്ഞസീസണിലെ നായകൻ സച്ചിൻ ബേബിയും സൽമാൻ നിസാറും എം.ഡി നിതീഷും രോഹൻകുന്നുമ്മലുമടക്കമുള്ള സീനിയർ താരങ്ങൾ കേരള നിരയിലുണ്ട്. തമിഴ്നാടുകാരനായ ആൾറൗണ്ടർ ബാബ അപരാജിത്താണ് ഉപനായകൻ. ആൾറൗണ്ടർ അങ്കിത് ശർമ്മയാണ് മറ്റൊരു അന്യസംസ്ഥാന താരം. ഷോൺ റോജർ, വത്സൽ ഗോവിന്ദ്, ഏദൻ ആപ്പിൾ ടോം, എൻ.പി ബേസിൽ,അക്ഷയ് ചന്ദ്രൻ തുടങ്ങിയവരും കേരളസംഘത്തിലുണ്ട്. ആൾറൗണ്ടർ അഭിഷേക് പി.നായരാണ് പുതുമുഖം. ചുമതലയേറ്റ് ആദ്യ സീസണിൽതന്നെ ഫൈനലിലെത്തിച്ച മുൻ ഇന്ത്യൻ താരം അമേയ് ഖുറാസ്യതന്നെയാണ് ഇക്കുറിയും കേരളത്തിന്റെ പരിശീലകൻ. നാസിർ മച്ചാൻ ടീം മാനേജർ.
ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുള്ള പൃഥ്വി ഷായും റുതുരാജ് ഗെയ്ക്കവാദും കഴിഞ്ഞ എട്ടുസീസണുകളിൽ കേരളത്തിന്റെ കുപ്പായമണിഞ്ഞ ജലജ് സക്സേനയുമടക്കമുള്ള താരങ്ങളടങ്ങുന്നതാണ് മഹാരാഷ്ട്ര ടീം. അങ്കിത് ബാവ്നയാണ് നായകൻ. അർഷിൻ കുൽക്കർണി, രജനീഷ് ഗുർബാനി, വിക്കി ഓസ്വാൾ തുടങ്ങിയവരാണ് മറ്റ് മുൻ നിര താരങ്ങൾ.
കേരള ടീം : മുഹമ്മദ് അസറുദ്ദീൻ (ക്യാപ്ടൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്ടൻ), സഞ്ജു സാംസൺ, രോഹൻ.എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം.ഡി, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.
ഒഫീഷ്യൽസ്അമയ് ഖുറേസിയ ( ഹെഡ് കോച്ച്),നസീർ മച്ചാൻ (ടീം മാനേജർ ), ഡേവിസ് .ജെ.മണവാളൻ ( കോച്ച്), വൈശാഖ് കൃഷ്ണ (സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്), ഉണ്ണികൃഷ്ണൻ ആർ.എസ് ( ഫിസിയോതെറാപ്പിസ്റ്റ്), ഗിരീഷ് ഇ.കെ ( ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്), ദീപേഷ് ശർമ്മ ( ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്), വിജയ് ശ്രീനിവാസൻ പി.എസ് ( പെർഫോമൻസ് അനലിസ്റ്റ്), കിരൺ എ.എസ് ( ടീം മാഷ്വർ).
കാത്തിരിക്കുന്നത്
കടുത്ത പോരാട്ടങ്ങൾ
കർണാടക, സൗരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ചണ്ഡിഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരടങ്ങിയ എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം ഇക്കുറി മത്സരിക്കുന്നത്.ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിലാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശ്, ഗോവ എന്നിവരുമായാണ് എവേ മത്സരങ്ങൾ.
കേരളത്തിന്റെ മത്സരങ്ങൾ
ഒക്ടോബർ 15-18
Vs മഹാരാഷ്ട്ര
ഒക്ടോബർ 25-28
Vs പഞ്ചാബ്
നവംബർ 1-4
Vs കർണാടക
നവംബർ 8-11
Vs സൗരാഷ്ട്ര
നവംബർ 16-19
Vs മദ്ധ്യപ്രദേശ്
ജനുവരി 22-25
Vs ചണ്ഡിഗഢ്
ജനുവരി 29- ഫെബ്രു.1
Vs ഗോവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |