കൊച്ചി: ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളുടെയും മറ്റും പേരിൽ സെൻസർ കട്ട് നേരിടുന്ന 'ഹാൽ" സിനിമയുടെ വിഷയത്തിൽ ഹൈക്കോടതി വെള്ളിയാഴ്ച വാദം കേൾക്കും. വിശദീകരണം സമർപ്പിക്കാൻ കേന്ദ്രസർക്കാരും സെൻസർ ബോർഡും സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് വി.ജി. അരുൺ ഹർജി മാറ്റുകയായിരുന്നു. ഇത്തരം ഒട്ടേറെ പരാതികൾ എത്തുന്നുണ്ടല്ലോയെന്നും കോടതി ചോദിച്ചു.
ഷെയ്ൻ നിഗം നായകനായ സിനിമയിലെ നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 15 മാറ്റങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് നിർമ്മാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുസ്ലീം യുവാവും ക്രിസ്ത്യൻ യുവതിയുമായുള്ള പ്രണയമാണ് ഇതിവൃത്തം. റിവൈസിംഗ് കമ്മറ്റി നിർദ്ദേശിച്ച ഭാഗങ്ങൾ നീക്കിയാൽ സിനിമയുടെ കഥാഗതി തന്നെ മാറുമെന്നും വാദിച്ചു. തിരിച്ചറിയാതിരിക്കാൻ നായിക ശിരോവസ്ത്രം ധരിക്കുന്ന ദൃശ്യവും ഒഴിവാക്കണമെന്നാണ് പറയുന്നത്. കലോത്സവങ്ങളിലടക്കം ഉപയോഗിക്കുന്ന വസ്ത്രമാണിത്. മാറ്റങ്ങൾ വരുത്തിയാലും 'എ" സർട്ടിഫിക്കറ്റ് നൽകാനേ കഴിയൂവെന്നാണ് സെൻസർ ബോർഡ് നിലപാട്.
കോടികൾ മുടക്കി നിർമ്മിച്ച സിനിമ സെപ്തംബർ 10ന് റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. മൂന്നുതവണ മാറ്റിവച്ചു. ഇതുമൂലമുള്ള സാമ്പത്തിക നഷ്ടം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |