കൊച്ചി: പുതുതലമുറ യുദ്ധക്കപ്പലുകളെ ഇലക്ട്രിക്കാൻ ഇന്ത്യൻ നാവിക സേന. പ്രമുഖ ആഡംബര വാഹന കമ്പനിയായ റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് എൻജിനുകളാകും ഉപയോഗിക്കുക. ആധുനിക ആയുധങ്ങൾ വിന്യസിക്കാവുന്ന വിധം കപ്പലുകളുടെ രൂപകല്പനയും കമ്പനി നിർവഹിക്കും. ഹൈബ്രിഡ്, ഫുൾ ഇലക്ട്രിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും റോൾസ് റോയിസിനുണ്ട്. ഗ്യാസ് ടർബൈനുകളും ഡീസൽ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.
കപ്പലുകളുടെ വേഗം കൂട്ടാനും കാർബണിന്റെ പുറംതള്ളൽ കുറയ്‌ക്കാനും ഇലക്ട്രിക് പ്രൊപ്പൽഷൻ സഹായിക്കും. അത്യാധുനിക റഡാറുകളുടെയും സെൻസറുകളുടെയും പ്രവർത്തനത്തിനും ഇത് കരുത്തേകും. ശത്രുസേനയുടെ റഡാറുകളിൽ നിന്ന് പരമാവധി മറഞ്ഞിരിക്കാനും സാധിക്കും. ആത്മനിർഭർ ഭാരത് സ്‌കീമിൽ പ്രതിരോധ സംവിധാനങ്ങൾ ആധുനികമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നേവി റോൾസ് റോയ്സിനൊപ്പം സഹകരിക്കുന്നത്. നിലവിൽ മറൈൻ ഡീസലടക്കമുള്ള പെട്രോളിയം ഉത്പന്നങ്ങളാണ് ഇന്ത്യൻ യുദ്ധകപ്പലുകളിലെ ഇന്ധനം.
ബ്രിട്ടീഷ് റോയൽ നേവിയുടെ 'എച്ച്.എം.എസ് പ്രിൻസ് ഒഫ് വെയ്ൽസ്" ശ്രേണിയിൽപ്പെട്ട പുതിയ വിമാനവാഹിനി കപ്പലിനാണ് റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനമാണുള്ളത്. സംയുക്ത നാവികാഭ്യാസത്തിനായി ബ്രിട്ടീഷ് വിമാനവാഹിനി അടുത്തിടെ മുംബയിൽ എത്തിയിരുന്നു. അന്നാണ് റോൾസ് റോയ്സിന്റെ നിർണായക പ്രഖ്യാപനമുണ്ടായത്. ഇന്ത്യയ്‌ക്ക് വിമാന വാഹിനികളും മുങ്ങിക്കപ്പലുകളുമടക്കം 140 യുദ്ധക്കപ്പലുകളുണ്ട്. 2035ൽ ഇത് 200 ആക്കുകയാണ് ലക്ഷ്യം.
അത്ഭുതമായി 'പ്രിൻസ് ഒഫ് വെയ്ൽസ്"
മുതൽമുടക്ക്- 90,000 കോടി രൂപ
നീളം- 284 മീറ്റർ
ഭാരം- 80,000 ടൺ
വേഗത- 59 കി.മീ വരെ (മണിക്കൂറിൽ)
റോൾസ് റോയ്‌സ് സ്ഥാപിച്ച 36 മെഗാവാട്ടിന്റെ രണ്ട് ഗ്യാസ് ടർബൈനുകളും 4 ഡീസൽ ജനറേറ്ററുകളുമാണ് വൈദ്യുതി നൽകുന്നത്.
ഒരു മണിക്കൂറിലെ വൈദ്യുതി ഉത്പാദനം- 109 മെഗാവാട്ട് (ഒരു ചെറുപട്ടണത്തിന് 24 മണിക്കൂർ ഉപയോഗിക്കാനുള്ള വൈദ്യുതി!).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |