പ്രചോദനം രജനികാന്തിന്റെ ജീവിതം
തിരുവനന്തപുരം: കുഞ്ഞ് ആന്റോയ്‌ക്ക് കറുപ്പിനോട് ദേഷ്യമായിരുന്നു. സ്‌കൂൾ കഴിഞ്ഞെത്തിയാൽ അച്ഛനും അമ്മയ്‌ക്കും മുന്നിൽ അന്നത്തെ പന്ത്രണ്ടുകാരൻ പരാതിപ്പെട്ടി തുറക്കും 'കറുത്തവനെന്നു വിളിച്ച് അദ്ധ്യാപകർ കളിയാക്കി, പാടാൻ അവസരം നൽകിയില്ല..."- അങ്ങനെ നീളും പരിഭവം. ബസ് കണ്ടക്ടറായിരുന്ന അച്ഛൻ എൻ.ഡി. മാത്യു കറുപ്പഴകുമായി തമിഴകം കീഴടക്കിയ സൂപ്പർസ്റ്റാർ രജനികാന്തിന്റെ കഥ പറഞ്ഞുകൊടുത്തു. അങ്ങനെ ആന്റോ രജനിയുടെ ആരാധകനായി. തലൈവർ പയ്യനെന്നാണ് സുഹൃത്തുക്കൾ വിളിക്കുന്നത്.രജനിയെപ്പോലെ സ്വന്തം വഴിതെളിച്ച് അവൻ സംഗീത സംവിധായകനുമായി. ഗായിക ഉഷാ ഉതുപ്പിനെക്കൊണ്ട് താൻ ചിട്ടപ്പെടുത്തിയ പാട്ടും പാടിപ്പിച്ചു ഈ 29കാരൻ. കേരള പ്രീമിയർ ചെസ് ലീഗിനായി ആന്റോ ഈണമിട്ട 'ഹേ കേരള റൈസ് ആൻഡ് ഷൈൻ" എന്ന ഗാനമാണ് ഉഷാഉതുപ്പ് പാടിയത്. രണ്ടുമാസം മുൻപ് പുറത്തിറങ്ങിയ ഗാനം ലക്ഷങ്ങളാണ് യൂട്യൂബിൽ കണ്ടത്. ട്രിനിറ്റി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ അരുൺ സുരേന്ദ്രന്റേതാണ് വരികൾ.
ചിന്മയി,വിധുപ്രതാപ്,എം.ജി. ശ്രീകുമാർ,കെ.ജി.മാർക്കോസ് എന്നിവർക്കൊപ്പവും പ്രവർത്തിച്ചു. നിരവധി ആൽബങ്ങൾക്ക് സംഗീതം നൽകി. എം.ജി.ശ്രീകുമാർ ആലപിച്ച ഭക്തിഗാനം ഉടൻ പുറത്തിറങ്ങും. 2023ൽ രജനി തിരുവനന്തപുരത്തെത്തിയപ്പോൾ കണ്ടിരുന്നു. കുട്ടിക്കാലം മുതൽ സംഗീതം പഠിച്ചിരുന്ന ആന്റോ എൻജിനിയറിംഗിന് ശേഷം 2018 മുതലാണ് സംഗീത സംവിധാനം ആരംഭിച്ചത്. 2014 മുതൽ രജനി ഫാൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്. അമ്മ സുജാ മാത്യു. സഹോദരി: ആൻസി,ഭർത്താവ്: സിബി. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയാണ്.
ജീവിതത്തിലേക്ക് മടക്കിയ 'അണ്ണാമലൈ"
2019-20 വർഷങ്ങളിൽ ഒരു മിനിറ്റിൽ 93 പുഷപ്പെടുത്ത്(ഡയമണ്ട് പുഷപ്പ്) ലോക റെക്കാഡ് നേടി. ചൈനയിലെ പ്രമുഖ താരത്തെ തോൽപ്പിച്ചായിരുന്നു വിജയം. 2019ൽ അന്താരാഷ്ട്ര ആർച്ചെറി മത്സരത്തിൽ സ്വർണം നേടി. എന്നാൽ അതിനുശേഷം ഉണ്ടായ വാഹനാപകടം ആന്റോയെ തളർത്തി. അപകടത്തിൽ താടിയെല്ലിന് മൂന്നു പൊട്ടലുണ്ടായി. 'ജീവൻ നഷ്ടമായേക്കാം,അല്ലെങ്കിൽ ഇനി പാടാൻ സാധിക്കില്ല"-ഡോക്ടർമാർ വിധിയെഴുതി. മരണം മുന്നിൽക്കണ്ട കാലത്ത് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താൻ രജനിയുടെ സിനിമകളാണ് സഹായിച്ചതെന്ന് ആന്റോ പറയുന്നു.കഷ്ടപ്പാടുകൾ അതിജീവിക്കുന്ന നായകന്റെ കഥ പറയുന്ന 'അണ്ണാമലൈ" എന്ന രജനീ ചിത്രം 17 തവണ കണ്ടാണ് ജീവിതം തിരിച്ചുപിടിച്ചതെന്ന് ആന്റോ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |