കുന്ദമംഗലം: ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന 'സ്വശ്രയ ഭാരത് 2025' ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ (എൻ.ഐ.ടി) ഉജ്ജ്വല തുടക്കം. വിജ്ഞാന ഭാരതിയുടെ ഭാഗമായ സ്വദേശി സയൻസ് മൂവ്മെന്റ് കേരളയും എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര സാങ്കേതിക ഉത്സവമാണിത്. വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ. എ. രാജരാജൻ മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ സ്വാശ്രയത്വം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ എൻ.ഐ.ടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ഡി.ആർ.ഡി.ഒ മുൻ ഡയറക്ടർ ജനറൽ (ബ്രഹ്മോസ്) ഡോ. സുധീർ കെ. മിശ്ര മുഖ്യപ്രഭാഷണം നടത്തി. 'ഓപ്പറേഷൻ സിന്ദൂർ' പോലുള്ള ദൗത്യങ്ങളിൽ തദ്ദേശീയ സാങ്കേതികവിദ്യ എങ്ങനെ പ്രതിരോധ മേഖലയ്ക്ക് കരുത്തായെന്ന് അദ്ദേഹം വിശദീകരിച്ചു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. എൻ.ഐ.ടി പ്രൊഫസർ ഡോ. ജി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ പി.എ. വിവേകാനന്ദ പൈ ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫ. ഡോ. ബി.എസ്. മനോജിനെ ആദരിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ആശംസകൾ നേർന്നു. സ്വദേശി സയൻസ് മൂവ്മെന്റ് കേരള സെക്രട്ടറി രാജീവ് സി. നായർ നന്ദി പറഞ്ഞു. നാളെ സമാപിക്കുന്ന മേളയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കുമായി വിജ്ഞാന മേള, ശാസ്ത്ര ചലച്ചിത്രോത്സവം, ശാസ്ത്രജ്ഞരുമായി സംവാദം, ശാസ്ത്ര അദ്ധ്യാപകർക്കായുള്ള ശിൽപ്പശാലകൾ തുടങ്ങി വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |