'ബി.ജെ.പിക്കാർ മാളത്തിൽ ഒളിച്ചു, പോറ്റിയെ മാത്രം പ്രതിയാക്കി രക്ഷപ്പെടാമെന്ന് പിണറായി കരുതേണ്ട'
തൃശൂർ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ബി.ജെ.പിക്കാർ മാളത്തിൽ ഒളിച്ചു, പോറ്റിയെ മാത്രം പ്രതിയാക്കി രക്ഷപ്പെടാമെന്ന് പിണറായി കരുതേണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ലക്ഷക്കണക്കിന് വരുന്ന വിശ്വാസ സമൂഹത്തിന് വേദനയുണ്ടാക്കിയ ശബരിമല സ്വർണ കൊള്ളയ്‌ക്കെതിരെ ചെറുവിരൽ അനക്കാനോ ശക്തമായ സമരം ചെയ്യാനോ നിൽക്കാതെ വാഴ്പ്പാട് സമരം നടത്തി ബി.ജെ.പിക്കാരും സംഘപരിവാർ സംഘടനകളും മാളത്തിൽ ഒളിച്ചുവെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ തൃശൂർ ജില്ലയിലെ സമാപനസമ്മേളനം കോർപറേഷൻ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ രൂപപ്പെടുത്തിയ അന്തർധാരയുടെ ഭാഗമായി പിണറായി വിജയന് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം ചെയ്യാൻ അവർക്ക് കഴിയില്ല. ബി.ജെ.പിയുടെ ഹൈന്ദവ സ്‌നേഹം കാപട്യമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ മാത്രം പ്രതിയാക്കി കേസിൽ നിന്ന് രക്ഷപ്പെടാമെന്ന് പിണറായിയും കൂട്ടരും കരതേണ്ട. ശബരിമലയിൽ തമ്പടിച്ചിരിക്കുന്ന കൊള്ളസംഘത്തെ ജയിലിൽ അടയ്ക്കുന്നതുവരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾക്കും പവിത്രതയ്ക്കും കളങ്കം ഏൽപ്പിക്കുന്ന പിണറായി സർക്കാരിന്റെ നെറികേടുകൾക്കെതിരെ കോൺഗ്രസ് നിരന്തര സമരത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമം നനഞ്ഞ പടക്കമായെന്നും സുരേഷ് പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെയും വിശ്വാസികളുടെയും ആഗ്രഹം ഇടത് സർക്കാർ ഇനിയെങ്കിലും മനസിലാക്കണം. കോൺഗ്രസ് മുഖ്യമന്ത്രിമാരാണ് ശബരിമലയിൽ വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ശബരിമല മാസ്റ്റർ പ്ലാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ ആശയമാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ.പ്രതാപൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. നേതാക്കളായ എം.പി.വിൻസെന്റ്, ജോസ് വള്ളൂർ, ഒ.അബ്ദു റഹ്മാൻ കുട്ടി, അനിൽ അക്കര, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ടി.വി.ചന്ദ്രമോഹൻ, പോൾസൺ മാസ്റ്റർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, എ.പ്രസാദ്, ജോൺ ഡാനിയേൽ, അഡ്വ. ഷാജി കോടങ്കണ്ടത്ത്, കെ.ബി.ശശികുമാർ, ഒ.ജെ.ജനീഷ്, ബിനു ചുള്ളിയിൽ, കെ.കെ.കൊച്ചു മുഹമ്മദ്, ജോസഫ് ചാലിശ്ശേരി, ഐ.പി.പോൾ, കെ.കെ.ബാബു, രാജൻ പല്ലൻ, കെ.എച്ച്.ഉസ്മാൻ ഖാൻ, അഡ്വ. സിജോ കടവിൽ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി.രാധാകൃഷ്ണൻ, മിഥുൻ മോഹൻ, ഹരിഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |