പാട്ന/ ലക്‌നൗ: കനത്തമഴ തുടരുന്ന ഉത്തരേന്ത്യയിൽ പ്രളയക്കെടുതിയിൽപ്പെട്ടുള്ള മരണം 129 ആയി. വെള്ളത്തിൽ മുങ്ങിയും വീടുതകർന്നുമുള്ള മരണങ്ങളാണ് ഏറെയും. ബീഹാറിൽ 24 മണിക്കൂറിനകം കൂടുതൽ മഴപെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന് സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഗംഗ, കോസി, ഗാൺടക്ക്, ബാഗ്മതി, മഹാനന്ദ നദികളിലെ ജലനിരപ്പുയർന്നതിനാൽ സാദ്ധ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ ജലവിഭവവകുപ്പ് ജില്ലാ അധികാരികളോട് നിർദ്ദേശിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനാപ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. വെള്ളപ്പൊക്കം നേരിടുന്ന പാട്ന നഗരത്തിൽ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളിറക്കി. റെയിൽ, റോഡ്, വിമാന ഗതാഗതം മുടങ്ങി.
മുൻ മുഖ്യമന്ത്രിമാരായ സതീന്ദർ നാരായൺ സിംഗ്, ജിതൻ റാം മാഞ്ചി, ബി.ജെ.പി എം.പി രാജീവ് പ്രതാപ് റൂഡി എന്നിവരുടെ വീടുകളിലും വെള്ളം കയറി. മൂന്നുദിവസമായി പാട്നയിലെ രാജേന്ദ്ര നഗറിൽ കുടുങ്ങിപ്പോയ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെയും കുടുംബത്തെയും ദേശീയ ദുരന്ത പ്രതികരണ സേന രക്ഷപ്പെടുത്തി. ഇദ്ദേഹം താമസിച്ചിരുന്ന റസിഡന്റ്സ് ഏരിയ പൂർണമായും വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു. രാജേന്ദ്രനഗറിൽ കുടുങ്ങിയ നിരവധി മലയാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ ഉത്തർപ്രദേശിലെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്. ഗംഗാ നദിക്ക് സമീപമുള്ള ബല്ലിയ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ഇവിടത്തെ 500 തടവുകാരെ അസംഘട്ടിലെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 350 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ഈ ജയിലിൽ 950 ഓളം തടവുകാരുണ്ട് നിലവിൽ. താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബല്ലിയ ജയിലിലെ കെട്ടിടങ്ങൾ മോശം അവസ്ഥയിലായതിനാലാണ് തടവുകാരെ മാറ്റുന്നതെന്നും വെള്ളം കയറുന്നത് പുതിയ കാര്യമല്ലെന്നും അധികൃതർ പറഞ്ഞു. പാട്നയിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രം വ്യോമസേന ഹെലികോപ്ടറുകൾ അയച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ അസംഗഢ്, മിർസാപുർ, ഘാസിപുർ, അംബേദ്കർ നഗർ, ഗോരഖ്പുർ, ഫിറോസാബാദ്, ഉന്നാവ്, ബാംദ, ബലിയ, സീതാപുർ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |