
സിഡ്നി: 15 പേരുടെ മരണത്തിനിടയായ സിഡ്‌നിയിലെ ബോണ്ടി ബീച്ച് വെടിവയ്‌പ്പ് കേസിൽ പ്രതിയായ സാജിദ് അക്രം ഇന്ത്യക്കാരനെന്ന് വിവരം. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. 1998 നവംബറിൽ വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയയാളാണ് സാജിദ് അക്രം. ഹൈദരാബാദിൽ നിന്നാണ് ഇയാൾ ബികോം പാസായത്. പിന്നീട് ഓസ്‌ട്രേലിയയിലെത്തിയ ശേഷം യൂറോപ്യൻ വംശജ വെനേര ഗ്രോസോയെ വിവാഹം ചെയ്‌ത് സ്ഥിരതാമസമായി. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇതിലൊരാളാണ് മറ്റൊരു പ്രതിയായ നവീദ് അക്രം (24). ഇയാൾ ഓസ്‌ട്രേലിയയിലാണ് ജനിച്ചത്. അതിനാൽ ഓസ്‌ട്രേലിയൻ പൗരനാണ്. 15 പേരാണ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടത്. സംഭവമുണ്ടായയുടൻ പൊലീസ് വെടിയേറ്റ് സാജിദ് അക്രം (50) മരിച്ചു. നവീദ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്‌സയിലാണ്. ഇരുവരും കഴിഞ്ഞമാസം ഫിലിപ്പൈൻസിൽ സന്ദർശനം നടത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികൾക്ക് തീവ്രചിന്താഗതിയുള്ളതായി അറിയില്ലെന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. തെലങ്കാനയിലെ ബന്ധുക്കൾക്കും ഇക്കാര്യത്തെക്കുറിച്ച് അറിവില്ല. സാജിദ് അക്രത്തിന് നിലവിൽ ഇന്ത്യൻ പാസ്‌പോർട്ടുണ്ട്. വളരെ കുറച്ച് തവണ മാത്രമേ 27 കൊല്ലത്തിനിടെ സാജിദ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളു. ആറ് തവണയാണ് ഇയാൾ ഇന്ത്യയിൽ വന്നത്. ഇതിൽ അവസാനം വന്നത് 2022ലാണ്. മാതാപിതാക്കളെ കാണാനും, സ്വത്ത് സംബന്ധമായ കാര്യത്തിനും, ചില കുടുംബ ചടങ്ങുകൾക്കും മാത്രമാണ് ഇയാൾ ജന്മനാട്ടിലെത്തിയത്. എന്നാൽ പിതാവ് മരിച്ച സമയത്ത് ഇയാൾ ഇന്ത്യയിൽ എത്തിയില്ല.
വിദ്യാർത്ഥി വിസയിൽ ഓസ്‌ട്രേലിയയിൽ പോകും മുൻപ് ഇയാളുടെ പേരിൽ കേസോ അത്തരം സംഭവങ്ങളോ ഇല്ല. സാജിദും നവീദും ഐസിസിന്റെ ആശയങ്ങളിൽ വിശ്വസിച്ചിരുന്നവരാണ്. എന്നാൽ, ഒരു വലിയ ഭീകര സെല്ലിന് വേണ്ടി അല്ല ഇവർ ആക്രമണം നടത്തിയതെന്നും, മറിച്ച് തീവ്രവാദ പ്രത്യയശാസ്ത്രത്തിൽ പ്രചോദനം കൊണ്ട് സ്വമേധയാ കുറ്റകൃത്യം നടപ്പാക്കുകയായിരുന്നെന്നും പൊലീസും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും വ്യക്തമാക്കി.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ പ്രതികളുടെ കാറിൽ ഐസിസ് പതാകകൾ കണ്ടെത്തി. ഇതേ കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊലീസ് നിർവീര്യമാക്കിയിരുന്നു. സിഡ്നി ആസ്ഥാനമായ ഐസിസ് സെല്ലുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ 2019ൽ നവീദിനെതിരെ ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എ.എസ്.ഐ.ഒ) അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാൾ ഭീഷണി ഉയർത്തുമെന്ന സൂചനകളൊന്നും അന്ന് അന്വേഷണോദ്യോഗസ്ഥർക്ക് ലഭിച്ചില്ല.
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 6.47ന് ജൂത ആഘോഷമായ ഹാനക്കയുടെ ഭാഗമായി ബീച്ചിൽ ഒത്തുകൂടിയവർക്ക് നേരെയായിരുന്നു വെടിവയ്പ്. 43 പേർക്ക് പരിക്കേറ്റു. ഗാസ യുദ്ധം ആരംഭിച്ചശേഷം ഓസ്‌ട്രേലിയയിൽ ജൂത വംശജരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണുണ്ടായത്. ഇതുതടയാൻ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓസ്‌ട്രേലിയൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു ഇസ്രയേലി പൗരനുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |