തിരുവനന്തപുരം: റവന്യൂ ജില്ലാ കായിക മേളയുടെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒമ്പതു സ്വർണവും ആറു വെള്ളിയും ഒമ്പതു വെങ്കലവും ഉൾപ്പെടെ 87 പോയിന്റുമായി പട്ടികയിൽ തിരുവനന്തപുരം നോർത്ത് ഒന്നാമത്.
ഏഴു സ്വർണവും ആറു വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 72 പോയിന്റ് നേടിയ നെയ്യാറ്റിൻകരയാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനത്തുള്ള കിളിമാനൂരിന് നാലു സ്വർണവും രണ്ട് വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 41 പോയിന്റാണുള്ളത്. സ്കൂൾ വിഭാഗത്തിൽ ആദ്യദിനം കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസിന്റെ ആധിപത്യമായിരുന്നെങ്കിൽ ഇന്നലെ അരുമാനൂർ എം.വി.എച്ച്.എസ്എസിന്റെ മുന്നേറ്റത്തിനാണ് ശ്രീപാദം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
നാലു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി 29 പോയിന്റുമായി നെയ്യാറ്റിൻകര സബ് ജില്ലയിലെ അരുമാനൂർ എം.വി.എച്ച്.എസ്.എസ് പോയിന്റ് പട്ടികയിൽ ഒന്നാമത് നില്ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള പേരൂർക്കട ജി.ജി.എച്ച്.എസ്.എസിനു സമ്പാദ്യം മൂന്നു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 23 പോയിന്റുകളാണ്. ആദ്യ ദിനം പോയിന്റു പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന കാഞ്ഞിരംകുളമാണ് രണ്ടാംദിനം മൂന്നാം സ്ഥാനത്തുള്ളത്. രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 17 പോയിന്റാണ് കാഞ്ഞിരംകുളത്തിനുള്ളത്. സമാപന ദിവസമായ ഇന്ന് മത്സരം തുടങ്ങുന്നത് ക്രോസ് കൺട്രിയോടെയാണ്.സീനിയർ, ജൂണിയർ വിഭാഗങ്ങളിലെ 1500 മീറ്റർ, മീറ്റിലെ ആവേശ ഇനങ്ങളിലൊന്നായ 200 മീറ്റർ, ഹാമർ ത്രോ, ട്രിപ്പിൾ ജംപ്, 4400 മീറ്റർ റിലേ ഉൾപ്പെടെ 20 ഫൈനലുകൾക്ക് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം വേദിയാകും.
സ്വയം പരിശീലനത്തിലൂടെ
കാർത്തിക് കൃഷ്ണയുടെ മുന്നേറ്റം
വീട്ടുമുറ്റത്തെ പരിശീലനവും സഹോദരന്റെ പിന്തുണയും സംശയനിവാരണത്തിന് യൂട്യൂബും, സ്വയം പരിശീലനത്തിലൂടെ, കാർത്തിക് കൃഷ്ണ മുന്നേറുകയാണ്. സീനിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരത്തിലാണ് വിതുര ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയായ കാർത്തിക് കൃഷ്ണ സ്വർണം നേടിയത്. കഴിഞ്ഞദിവസം നടന്ന സീനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിലും കാർത്തിക് ഒന്നാം സ്ഥാനം നേടിയിരുന്നു. അമച്ച്വർ മീറ്റിൽ ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും സംസ്ഥാനതലത്തിലെ വിജയിയാണ്. സ്കൂൾ മീറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഒഡീഷയിൽ നടക്കുന്ന ദേശീയ അമച്ച്വർ മീറ്റ് ഒഴിവാക്കി. പൊതു വിദ്യാലയത്തിൽ പഠിക്കുന്ന കാർത്തിക്കിന് വിദഗ്ദ്ധ പരിശീലനം നേടാനുള്ള അവസരം കുറവായിരുന്നു. ജില്ലാ കായികമേളയിലെ മുൻ വർഷത്തെ വിജയി കൂടിയായ ഹൃതിക്കാണ് സഹായി.
ഇവൻ എൻ നൻപൻ
സുഹൃത്തായ മൂസയോട് പൊരുതിത്തോറ്റെങ്കിലും അടുത്തവർഷം അമേരിക്കയിൽ നടക്കുന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പാണ് മുഹമ്മദ് അഷ്ഫാക്കിന്റെ ലക്ഷ്യം. 400 മീറ്റർ ഹഡിൽസിലാണ് അന്താരാഷ്ട്ര ട്രാക്കിൽ ഇന്ത്യയുടെ പ്രതീക്ഷയായി കുതിക്കാൻ തയ്യാറെടുക്കുന്ന അഷ്ഫാക്കിനെ മുഹമ്മദ് മൂസ പിന്നിലാക്കിയത്. ജി.വി രാജ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. വാശിയേറിയ മത്സരത്തിൽ മൂസ 54.6 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ അഷ്ഫാക് 54.8 സെക്കൻഡിൽ പിന്നാലെയെത്തി. കഴിഞ്ഞ മാസം ഒഡിഷയിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടമാണ് അഷ്ഫാക്കിന് അന്താരാഷ്ട്ര തലത്തിലേക്ക് വഴിതുറന്നത്. ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മാനദണ്ഡം 400 മീറ്ററിൽ 47 സെക്കൻഡാണ്. ദേശീയ മീറ്റിൽ അഷ്ഫാക് ഈ കടമ്പ നിഷ്പ്രയാസം മറികടന്നു. സ്കൂൾ,നാഷണൽ മീറ്റുകളിൽ നാല് സ്വർണവും രണ്ട് വെള്ളിയും നേടി. ലോക അത്ലറ്റിക്സ് വേദിയിൽ രാജ്യത്തിന്റെ അഭിമാനമുയർത്താനുള്ള തീവ്ര ശ്രമത്തിലാണ് ഈ താരം. തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം മഠത്തിപ്പറമ്പിൽ അഷ്റഫിന്റെയും ജസീനയുടെയും മകനാണ്.
അമ്മ സ്വിമ്മർ, മകൾ വാക്കർ
അമ്മ നീന്തലിൽ കഴിവ് തെളിയിച്ചപ്പോൾ മകൾ സ്വർണം നേടിയത് നടത്ത മത്സരത്തിലാണ്. 3000 മീറ്റർ നടത്തത്തിൽ സ്വർണം നേടിയ പേരൂർക്കട ഗവ.എച്ച്.എസ്.എസിലെ പ്ളസ് ടു കൊമേഴ്സ് വിദ്യാർത്ഥി ഗൗതമി കൃഷ്ണയ്ക്ക് പ്രചോദനം നീന്തൽ ചാമ്പ്യനായ മാതാവ് ജിഷാറാണിയാണ്. 1992 ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ നീന്തലിൽ ജിഷാറാണി സ്വർണം നേടിയിരുന്നു. നീന്തൽ തിരഞ്ഞെടുത്ത ഗൗതമികൃഷ്ണ പിന്നീടാണ് നടത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവിൽ വർക്കല എം.ജി.എം സ്കൂളിലെ നീന്തൽ അദ്ധ്യാപികയായ ജിഷ നീന്തൽ അക്കാഡമി തുടങ്ങി കുട്ടികളെ പരിശീലിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നെടുമങ്ങാട് കൊല്ലംങ്കാവ് സ്വദേശിയാണ്. സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് ഇതേ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനി അക്ഷര എസ്.പ്രശാന്താണ്. ജൂനിയർ വിഭാഗത്തിൽ ഇതേ ഇനത്തിൽ ഈ സ്കൂളിലെ ആദിഷ.ജെ സ്വർണം നേടി.
അശ്വിനി എറിഞ്ഞിട്ടത് ഡബിൾ സ്വർണം
ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അരുമാനൂർ എം.വി.എച്ച്.എസ്.എസിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥി എസ്.അശ്വിനി ഇത്തവണ എറിഞ്ഞിട്ടത് ഇരട്ട സ്വർണം. ഡിസ്കസ് ത്രോയിൽ 27.84 മീറ്ററും ജാവലിൻ ത്രോയിൽ 25.98 മീറ്റർ എറിഞ്ഞുമാണ് നേട്ടം. കഴിഞ്ഞ തവണ കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിക്കുമ്പോൾ ഗ്രൗണ്ടിൽ തെന്നിവീണ് പരിക്കേറ്റിരുന്നു. അശ്വനിക്ക് ആർമിയിൽ ചേരാനാണ് ആഗ്രഹം. സഹോദരൻ അശ്വിൻ ജില്ലാ ഫുട്ബാൾ ടീം അംഗമാണ്. അശ്വിനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചു. അശ്വിനിയുടെ വല്യമ്മ ശശികലയും മക്കൾ അരുൺ രാജും അശ്വതി രാജുമാണ് പഠിപ്പിക്കുന്നത്.
പോൾവോൾട്ടിന് ആളില്ല
ഇത്തവണ ജില്ലയിൽ നിന്ന് പോൾവോൾട്ട് മത്സരത്തിന് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ ആരുമില്ല. പരിശീലകരുടെയും ഉപകരണങ്ങളുടെയും അഭാവമാണ് ഇതിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |