പാലാ: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനപ്രശ്നത്തിൽ സർക്കാർ ഉത്തരവിറക്കണമെന്നും കോടതിയിലേയ്ക്ക് വലിച്ചിഴയ്ക്കാതെ പ്രശ്നം പരിഹരിക്കണമെന്നും പാലായിൽ ചേർന്ന സംസ്ഥാനത്തെ വിവിധ ക്രൈസ്തവസഭകളുടെ എക്യുമെനിക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
സീറോ മലബാർസഭയുടെ വിദ്യാഭ്യാസ എക്യുമെനിക്കൽ കമ്മീഷനുകളുടെ ചെയർമാനും പാലാ ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ടാണ് സമ്മേളനം വിളിച്ചത്.ജസ്റ്റീസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം. ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മാനേജർമാർക്ക് നൽകിയിരിക്കുന്ന അവകാശം കവർന്നെടുക്കാനുള്ള നീക്കം അപലപനീയമാണ്. ഗവൺമെന്റ് ലിസ്റ്റിൽ നിന്ന് ഇന്റർവ്യൂ നടത്തി യോഗ്യരെ തിരഞ്ഞെടുക്കാനുള്ള അവകാശം പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യസ്ഥാനീയനായിരുന്നു. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.ചർച്ചയിൽ മർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ബർണബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭ അദ്ധ്യക്ഷനും ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ ഔഗിൻ മാർ കുറിയാക്കോസ് മെത്രാപ്പോലീത്താ, ക്നാനായ സമുദായ മെത്രാപ്പോലീത്താ കുര്യാക്കോസ് മാർ സേവേറിയാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |