കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലുണ്ടായിരുന്ന 'രാമൻ' എന്ന ആനയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട അഡിഷണൽ സബ് കോടതി പുറപ്പെടുവിച്ച ഇൻജക്ഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയും മജിസ്ട്രേട്ട് കോടതിയും പുറപ്പെടുവിച്ച ഉത്തരവ് മറച്ചുവച്ചാണ് തൃശൂർ സ്വദേശി കൃഷ്ണൻകുട്ടി സബ് കോടതിയെ സമീപിച്ചതെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമിന്റെ ഉത്തരവ്.
മജിസ്ട്രേട്ട് കോടതി മാതാ അമൃതാനന്ദമയി മഠത്തിന് അനുകൂലമായി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂർ സ്വദേശി തത്‌സ്ഥിതി തുടരാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സബ് കോടതിയെ സമീപിച്ചത്. തർക്കത്തിൽ ഹൈക്കോടതിയും മജിസ്ട്രേട്ട് കോടതിയും മുമ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ മറച്ചുവച്ചു. സബ് കോടതി തത്‌സ്ഥിതി തുടരാനാണ് ഉത്തരവിട്ടത്. സബ് കോടതി ഉത്തരവിനെതിരെ അമൃതാനന്ദമയി മഠത്തിൽ താമസിക്കുന്ന ജയകൃഷ്ണൻ മേനോനാണ് ഹൈക്കോടതിയെ സമീപിച്ചത്. മദപ്പാടിനെത്തുടർന്ന് ആനയുടെ സംരക്ഷണം തൃശൂർ സ്വദേശിയെ ഏൽപ്പിച്ചതാണ്. തുടർന്നാണ് ആനയുടെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കം ഉണ്ടാകുന്നത്. ആനയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |