തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹം ബാധിച്ച 18വയസുള്ളവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും രക്തപരിശോധന സൗജന്യമാക്കുന്നു. നിലവിൽ മിഠായി ക്ളിനിക്കുകളിലൂടെ ഇൻസുലിൻ സൗജന്യമായി നൽകുന്നുണ്ട്. ഇതിന് പുറമേയാണ് നിരന്തരം നടത്തേണ്ട പ്രമേഹം, തൈറോയ്ഡ്,ക്രിയാറ്റിൻ പരിശോധനകൾ സൗജന്യമാക്കുന്നത്. ആശുപത്രി വികസന സമിതിയുടെ ചെറിയ ഫീസ് ഉൾപ്പെടെ ഒഴിവാക്കും. നാളെ ചേരുന്ന സംസ്ഥാനതല എൻ.സി.ഡി വിദഗ്ദ്ധ സമിതി ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകും. പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൈബറ്റീസിൽ സൗജന്യ പരിശോധന നിലവിൽ വന്നു.
ടൈപ്പ് വൺ ഡയബറ്റീസ് ഫൗണ്ടേഷൻ കേരളയാണ് ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്. ഫൗണ്ടേഷന്റെ കത്ത് ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഡഗേ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന് കൈമാറി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.ജെ.ജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന.കെ.ജെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ.ബിപിൻ ഗോപാൽ എന്നിവർ യോഗം ചേർന്നു. തുടർന്നാണ് ശുപാർശ സർക്കാരിന് നൽകിയത്. ഇതിൻമേൽ സർക്കാർ എൻ.സി.ഡി വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം തേടിയിരുന്നു.
സ്വകാര്യ ലാബിൽ
1000 നൽകണം
ടൈപ്പ് വൺ രോഗികൾ....................................................................8000
സ്വകാര്യ ലാബുകളിൽ ചെലവ് (3 പരിശോധന).............. 1070രൂപ
ടൈപ്പ് വൺ പ്രമേഹം
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ കോശങ്ങളെ ആക്രമിക്കുമ്പോഴാണ് ടൈപ്പ് വൺ പ്രമേഹമുണ്ടാകുന്നത്. ഇതോടെ ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയില്ല. ഇൻസുലിനില്ലാതെ രക്തത്തിൽ പഞ്ചസാര അടിഞ്ഞുകൂടും.
``ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കുള്ള പരിശോധന സൗജന്യമാക്കുന്നത് രക്ഷിതാക്കൾക്ക് വലിയ ആശ്വാസമാണ് .``
-ഷാനവാസ്
വർക്കിംഗ് പ്രസിഡന്റ്
ടൈപ്പ് വൺ ഡയബറ്റീസ് കേരള ഫൗണ്ടേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |