തലശ്ശേരി: മലയാളിമനസിൽ ആഴത്തിൽ പതിഞ്ഞ എം.ടി.വാസുദേവൻ നായരുടെ കഥകളും സിനിമാകഥാപാത്രങ്ങളെയും ഓർമ്മിപ്പിച്ച് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി തലശ്ശേരിയിൽ 'കാലം: മായാചിത്രങ്ങൾ' എന്ന ഫോട്ടോ എക്സിബിഷൻ ഒരുങ്ങി.ലിബർട്ടി തിയേറ്റർ പരിസരത്തെ പവലിയനിൽ എം.ടിയുടെ സമ്പന്നമായ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട ഏകദേശം നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാലിന് കഥാകൃത്ത് ടി.പത്മനാഭൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആർ.ഗോപാലകൃഷ്ണനാണ് എക്സിബിഷൻ ക്യുറേറ്റർ.
മഞ്ഞ്, താഴ്വാരം, ദയ, വാരിക്കുഴി, പെരുന്തച്ചൻ, പരിണയം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, വൈശാലി, ചെണ്ട, പാതിരാവും പകൽവെളിച്ചവും, വടക്കൻ വീരഗാഥ തുടങ്ങിയ എം.ടിയുടേതായ പ്രശസ്ത സിനിമകളുടെ ലൊക്കേഷനുകളിൽ അണിയറപ്രവർത്തകരോടൊപ്പം നിന്നുള്ള ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. കൂടാതെ ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, കടവ്, പഞ്ചാഗ്നി, ആരണ്യകം, ഉത്തരം, തൃഷ്ണ, വിത്തുകൾ തുടങ്ങിയ എം.ടിയുടെ ചിത്രങ്ങളിലെ ദൃശ്യങ്ങളുമുണ്ട്.
നിർമ്മാല്യം സിനിമയ്ക്കുള്ള മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം കെ.കരുണാകരനിൽ നിന്നും ഏറ്റുവാങ്ങുന്ന എം.ടി, ഡോ. കരൺ സിംഗിൽ നിന്നും ഭാരതത്തിലെ ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ അപൂർവ്വ ചിത്രം എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരതൻ, മമ്മൂട്ടി, സുകുമാരൻ, തിലകൻ, ലാൽ ജോസ് തുടങ്ങി മലയാള സിനിമയുടെ പ്രമുഖരോടൊപ്പം എം.ടിയുടെ നിമിഷങ്ങൾ പകർത്തിയ അപൂർവ്വ ചിത്രങ്ങളും പ്രദർശനത്തെ ആകർഷമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |