കൊച്ചി: ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ റാമ്പും ലിഫ്റ്റും പി.എസ്.സി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടമാണെങ്കിൽ ഭിന്നശേഷിക്കാരെ താഴത്തെ നിലയിൽ തന്നെ ക്രമീകരിക്കണം. 2022ൽ പി.എസ്.സി പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള നടപടികൾ ഉറപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശം.
ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതിന്, ചലന വെല്ലുവിളി നേരിടുന്ന 290 ഉദ്യോഗാർത്ഥികൾക്ക് 1,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
ഭിന്നശേഷിക്കാർക്ക് കഴിവതും അവരുടെ താലൂക്കിൽ തന്നെ പരീക്ഷാ സെന്റർ അനുവദിക്കണം. ലിഫ്റ്റ് സൗകര്യം ഇല്ലാത്ത കെട്ടിടത്തിന്റെ മുകൾ നിലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചാൽ ഇൻവിജിലേറ്റർമാർ താഴത്തെ നിലയിലേക്ക് മാറ്റി നൽകണമെന്നും സഹായത്തിനായി ബന്ധപ്പെടേണ്ട പി.എസ്.സി ഓഫീസറുടെ ഫോൺ നമ്പർ സെന്ററുകളിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
2014 ആഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് നടന്ന പരീക്ഷയിൽ ചലന വൈകല്യമുള്ളവർ ലിഫ്റ്റ് സൗകര്യമില്ലാത്ത കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് കയറേണ്ടിവന്നിരുന്നു. ഇവർ ബുദ്ധിമുട്ടുന്ന ചിത്രമടക്കം അന്ന് വാർത്തയായതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |