വർക്കല: കേരളത്തെ മുൻനിര ആഗോള യാത്രാ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വർക്കലയിൽ "യാനം" യാത്രാസാഹിത്യോത്സവത്തിന് ഇന്ന് തിരിതെളിയും. പാപനാശം രംഗകലാകേന്ദ്രത്തിൽ വൈകിട്ട് 3.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.എഴുത്ത്, വ്ലോഗിംഗ്, ഫോട്ടോഗ്രഫി, സംഗീതം എന്നിവയിലൂടെ യാത്രാ കഥപറച്ചിലിന്റെ കലയെ ആഘോഷിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണിത്.
ട്രാവൽ വ്ളോഗേഴ്സ്, ട്രാവൽ ജേർണലിസ്റ്റ്സ്, ട്രാവൽ ഫോട്ടോഗ്രാഫേഴ്സ്, ഡോക്യുമെന്ററി സംവിധായകർ, സാഹസിക സഞ്ചാരികൾ,പാചകരംഗത്തെ പ്രഗത്ഭർ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനൽചർച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും ഉണ്ടാകും.
ടൂറിസം പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച സമ്മേളനങ്ങളുടെ മാതൃകയിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിന്റെ ഭാഗമായി എഴുത്ത്, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളിൽ പരിശീലനക്കളരികളും നടക്കും. അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ട്രാവൽ വ്ലോഗറും ചലച്ചിത്രതാരവുമായ അനുമോൾ മുഖ്യാഥിതിയായിരിക്കും. ഫെസ്റ്റിവൽ ഡയറക്ടർ സബിൻ ഇക്ബാൽ ആമുഖവിവരണം നടത്തും. വിനോദസഞ്ചാരവകുപ്പ് ഡയറക്ടർ ശിഖസുരേന്ദ്രൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, കൗൺസിലർ സി.അജയകുമാർ തുടങ്ങിയവർ സംസാരിക്കും.
വിനോദസഞ്ചാരവകുപ്പ് സെക്രട്ടറി കെ.ബിജു സ്വാഗതവും അഡീഷണൽ ഡയറക്ടർ(ജനറൽ) ശ്രീധന്യ സുരേഷ് നന്ദിയും പറയും. വൈകിട്ട് 5ന് നടക്കുന്ന ഇൻ സെർച്ച് ഒഫ് സ്റ്റോറീസ് ആൻഡ് ക്യാരക്ടേഴ്സ് എന്ന ആദ്യ സെഷനിൽ പ്രശസ്ത കഥാകൃത്തുക്കളായ കെ.ആർ.മീര, പല്ലവി അയ്യർ, ഷെഹാൻ കരുണതിലക എന്നിവർ യാത്രകളെക്കുറിച്ച് സംസാരിക്കും.6.30ന് പിന്നണി ഗായകൻ ഷഹബാസ് അമന്റെ നേതൃത്വത്തിൽ സംഗീത പരിപാടി.19ന് "യാനം" സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |