കിളിമാനൂർ: ഓണം കഴിഞ്ഞ് മണ്ഡല കാലത്തോടടുക്കുമ്പോഴും വിപണിയിൽ തേങ്ങയ്ക്ക് തീ വില. നിലവിൽ 80-85 രൂപയാണ് കിലോ വില. ഗ്രാമങ്ങളിലും തെങ്ങുകൾക്ക് വ്യാപകമായി രോഗം ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങയുടെ ഉത്പാദനം താഴേക്കാണ്. തേങ്ങയ്ക്കായി തമിഴ്നാട്ടിനെയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. തേങ്ങയുടെ വിലവർദ്ധനവ് വെളിച്ചെണ്ണയിലും പ്രതിഫലിച്ചുതുടങ്ങി. 390-440 രൂപയാണ് കിലോവില. വരുദിവസങ്ങളിൽ ഉയരുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്.
കുറഞ്ഞ വില സപ്ലൈകോ വഴി
സപ്ലൈകോ വഴി കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ ലഭിക്കുന്നതാണ് ഏക ആശ്വാസം. 319 രൂപ നിരക്കിൽ സബ്സിഡി- അരക്കിലോ, നോൺ-സബ് സിഡി-അരക്കിലോ എന്നിങ്ങനെ ഉൾപ്പെടുത്തി ഒരു കിലോ വെളിച്ചെണ്ണ ലഭിക്കും. കാർഡില്ലാതെ വാങ്ങിയാൽ കിലോയ്ക്ക് 359 രൂപയാണ്. വിപണിയിൽ ഏറ്റവും വിലക്കുറവ് സപ്ലൈകോയിലാണ്.
തമിഴ്‌നാടൻ തേങ്ങയാണ് വ്യാപകമായി വിപണിയിലുള്ളത്. തൂക്കം കൂടുതലാണെങ്കിലും കാമ്പും രുചിയും കുറവാണ്. വേഗം കേടാകുമെന്നതിനാൽ കൂടുതൽ വാങ്ങാനും കഴിയാത്ത സാഹചര്യമാണെന്ന് വീട്ടമ്മമ്മാർ പറയുന്നു.
തേങ്ങ വില (കിലോയ്ക്ക്)
80-85 രൂപ
വെളിച്ചെണ്ണ
390-440 രൂപ
കൊപ്ര ക്ഷാമം
തെങ്ങ് കയറ്റുകൂലി വർദ്ധനവുൾപ്പെടെയുള്ള കാര്യങ്ങൾ കാരണം ഉള്ള തേങ്ങയിടുന്നതിന് പോലും പലരും തയ്യാറാകുന്നില്ല. കൊപ്ര ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി,മറ്റു സൗന്ദര്യ വർദ്ധിത ഉത്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാൻ ഇടയാക്കി.
മണ്ഡല-മകരവിളക്ക് സീസൺ അടുത്തു
മണ്ഡല-മകരവിളക്ക് സീസൺ അടുത്തതോടെ തേങ്ങാവില പിടിച്ചുനിറുത്താൻ വിപണി ഇടപെടൽ ആവശ്യമാണ്. തേങ്ങയ്‌ക്ക് ഡിമാൻഡേറുന്നതും ഈ കാലയളവിലാണ്. ഈ രീതി തുടർന്നാൽ വില 100 കടക്കുമോയെന്നതാണ് ആശങ്ക.
നേട്ടം കർഷകർക്കല്ല, കച്ചവടക്കാർക്ക്
തേങ്ങയുടെ ചില്ലറവില 82ആയി ഉയർന്നെങ്കിലും സാധാരണ കർഷകർക്ക് മൊത്തക്കച്ചവടക്കാർ 55 രൂപയിൽ താഴയേ നൽകുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |