തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ തുലാം ഒന്നുമുതൽ ദർശനസമയം കൂട്ടി. ദേവസ്വം ഭരണസമിതിയുടേതാണ് തീരുമാനം. ഇത് തിടുക്കം കൂട്ടാതെ സുഗമമായി ക്ഷേത്രദർശനം നടത്താൻ ഭക്തരെ സഹായിക്കും. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച മുതൽ പുലർച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്ര നട ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാത്രമേ അടയ്‌ക്കൂ. ഉച്ചയ്‌ക്ക് ഒരു മണിക്കൂർ മാത്രം അടച്ചിട്ട ശേഷം വീണ്ടും വൈകിട്ട് നാലിന് നട തുറക്കും. ശേഷം രാത്രി ഒമ്പത് മണിവരെ ദർശനം തുടരും.
നിലവിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ക്ഷേത്രം അടയ്‌ക്കുന്നത്. ഉച്ചയ്‌ക്ക് രണ്ടര മണിക്കൂർ അടച്ചിട്ട ശേഷം വൈകിട്ട് നാലരയ്‌ക്കാണ് വീണ്ടും തുറക്കുന്നത്. എന്നാൽ ഭക്തരുടെ തിരക്ക് അധികമായതിനാൽ പലപ്പോഴും രണ്ട് മണിക്ക് നടയടയ്‌ക്കാൻ കഴിയാതെ രണ്ടേമുക്കാൽ വരെ ദർശന സമയം നീളാറുണ്ട്. തിരക്ക് അധികമായതിനാൽ ദർശനസമയം നീട്ടണമെന്ന നിർദ്ദേശം ക്ഷേത്രത്തിലെ തന്ത്രിയും മുന്നോട്ട് വച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ദർശന സമയം നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |