വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മൊട്ടമൂട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. ആനശല്യം കാരണം രാത്രിയായാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ മൊട്ടമൂട്ടിൽ കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തിയിരുന്നു. നേരം പുലരുവോളം ചിന്നം വിളികളുമായി ചുവടുറപ്പിച്ചതോടെ പ്രദേശവാസികൾ ഭയന്നാണ് അന്തിയുറങ്ങിയത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ വളരെ പെട്ടെന്ന് കാട്ടിൽനിന്നും കാട്ടാനകളെത്തും.കല്ലാർ മേഖലയിൽ പദ്മശ്രീ കല്ലാർ ലക്ഷ്മികുട്ടിയമ്മയുടെ മകൻ ധരണീന്ദ്രൻ കാണിയടക്കം നാലുപേർ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ കല്ലാർ ജംഗ്ഷനിൽ വരെ കാട്ടാനകളെത്താറുണ്ട്. കല്ലാർ ഗവൺമെന്റ് സ്കൂളിന്റെ മതിലും കാട്ടാനക്കൂട്ടം തകർത്തിരുന്നു.കാട്ടാനയ്ക്ക് പുറമെ കാട്ടുപോത്തിന്റെ ശല്യവുമുണ്ട്.കാട്ടുപോത്താക്രമണത്തിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചിരുന്നു.വർദ്ധിച്ചുവരുന്ന കാട്ടാനശല്യം മുൻനിറുത്തി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വ്യാപക കൃഷി നാശം
പകൽസമയത്തും കാട്ടാനകളിറങ്ങി ഭീതി പരത്തുന്നുണ്ട്. ഉപജീവനത്തിനായി നടത്തിയിരുന്ന കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. മൊട്ടമൂട് ചന്ദ്രൻകാണിയുടെ തെങ്ങുകൃഷി മുഴുവൻ നശിപ്പിച്ചു. സമീപത്തെ വിളകളിലും നാശംവിതച്ചു. ആദിവാസികൾ പാട്ട കൊട്ടുകയും പടക്കംപൊട്ടിക്കുകയും ചെയ്തിട്ടും കാട്ടാനകൾ പിൻവാങ്ങിയില്ല.മഴയായതോടെയാണ് ആനശല്യം രൂക്ഷമായത്.കർഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്.പ്രദേശത്ത് കൃഷി അന്യമായിക്കഴിഞ്ഞു.അതേസമയം കൃഷിനാശം സംഭവിച്ചവർക്ക് ധനസഹായം ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
കാട്ടുപോത്തും പുലികളും
കാട്ടാനയ്ക്കും കാട്ടുപോത്തിനും പുറമെ പുലിയുമിറങ്ങുന്നത് പതിവാണ്.രാത്രികാലങ്ങളിലെത്തുന്ന പുലികൾ നായ്ക്കളെ പിടികൂടി ഭക്ഷിക്കാറുണ്ടെന്ന് ആദിവാസികൾ പറയുന്നു. വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ നിരവധി തവണ ഫോറസ്റ്റ് പടിക്കൽ സമരം നടത്തിയിട്ടും പരിഹാരമൊന്നുമുണ്ടായില്ല.
പ്രതികരണം
വിതുര പഞ്ചായത്തിലെ കല്ലാർ മൊട്ടമൂട് മേഖലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരംകാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊൻമുടി റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കും.
കല്ലാർ മൊട്ടമൂട് നിവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |