തിരുവനന്തപുരം: കോടികൾ മുടക്കി പണിതിട്ടും മറ്റു റോഡുകളെ പോലെ,പൈപ്പ് പൊട്ടലിനെ തുടർന്ന് വാട്ടർ അതോറിട്ടി കുത്തിപ്പൊളിച്ച കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡിലെ പൊട്ടൽ ഒടുവിൽ അടച്ചു.കഴിഞ്ഞ ദിവസം പൊട്ടലടച്ച സ്വീവേജ് ലൈനിന്റെ ഭാഗത്ത് മഴ മാറിയാലുടൻ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാനാണ് തീരുമാനം.
കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡിൽ കൊത്തുവാൾത്തെരുവിന് എതിർവശത്ത് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച ഭാഗമാണ് ഒടുവിൽ നികത്തിയത്. ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിൽ പൊട്ടിയ സ്വിവേജ് പൈപ്പ് കണ്ടെത്തിയതോടെയാണ് രണ്ടുദിവസം മുൻപ് പണിപൂർത്തിയാക്കാനായത്. ഒരിക്കലും കുത്തിപ്പൊളിക്കേണ്ടിവരില്ലെന്ന അവകാശവാദവുമായി കോടികൾ മുടക്കി പണിത സ്മാർട്ട് റോഡാണ് ഇപ്പോൾ പൊളിച്ചുപണിതത്.
സ്വീവേജ് ലൈനിൽ പൈപ്പ് പൊട്ടിയ ഭാഗത്തെ മണ്ണ് മാറ്റാനായി ജെ.സി.ബി ഉപയോഗിച്ചപ്പോൾ നിറയെ കേബിളുകളായിരുന്നുവെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ചെറിയ ആഴത്തിൽ കുഴിയെടുത്ത ശേഷം യന്ത്രം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായതോടെ തൊഴിലാളികൾ ഇറങ്ങിയാണ് കുഴിയെടുത്തത്.
33 കോടി മുടക്കിയ റോഡ്
1.06 കിലോമീറ്റർ നീളമുള്ള കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡിന്റെ പുനഃനിർമ്മാണത്തിന് 33.02 കോടി രൂപയാണ് ചെലവാക്കിയത്.ഇലക്ട്രിക്,ടെലിഫോൺ കേബിളുകൾ പ്രത്യേക ഡക്ടുകളിലാക്കിയാണ് സ്മാർട്ട് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. കേബിളുകൾ കേടുപറ്റിയാൽ റോഡ് പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തുന്നതിന് ഓരോ പത്തുമീറ്ററിലും മാൻഹോളുകൾ നിർമ്മിച്ചിരുന്നു.എന്നാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയതോടെ വാഗ്ദാനങ്ങളെല്ലാം പാളി.
അത്യാവശ്യ ഘട്ടത്തിൽ പൊളിക്കാമെന്ന്
വളരെ അത്യാവശ്യഘട്ടത്തിൽ അനുമതി വാങ്ങി റോഡ് കുഴിക്കാമെന്നാണ് സ്മാർട്ട് സിറ്റിയുടെ ഇപ്പോഴത്തെ വിശദീകരണം. ഒരിക്കലും റോഡ് പൊളിക്കേണ്ടി വരില്ലെന്ന, മുൻ വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിനാകട്ടെ മൗനമാണ് ഉത്തരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |