ബംഗളൂരു: ദക്ഷിണ ബംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ശുചിമുറിയിൽ വച്ച് സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആറാം സെമസ്റ്റർ വിദ്യാർത്ഥിയായ ജീവൻ ഗൗഡയെ (21) ബുധനാഴ്‌ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്‌തതായി പൊലീസ് പറഞ്ഞു.
ഒക്‌ടോബർ പത്തിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് ഇരയായ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം ബലാത്സംഗ കുറ്റത്തിനാണ് ജീവൻ ഗൗഡയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. നേരത്തേ ഇരുവരും സഹപാഠികളായിരുന്നുവെന്നും ജീവൻ ഗൗഡ പഠനത്തിൻ പിന്നാക്കം പോയതിനാലാണ് ഇപ്പോൾ ആറാം സെമസ്റ്ററിലേക്ക് മാറ്റിയതെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.
നേരിട്ട് കാണണമെന്ന് ജീവൻ ഗൗഡ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോളേജിൽ ഏഴാം നിലയിലെ ആർക്കിടെക്ചർ ബ്ലോക്കിന് സമീപം വിദ്യാർത്ഥിനി എത്തിയത്. പ്രതി ബലമായി ചുംബിക്കാൻ ശ്രമിച്ചതോടെ വിദ്യാത്ഥിനി ലിഫ്‌റ്റിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, പിന്നാലെ വന്ന ജീവൻ ഗൗഡ യുവതിയെ ആറാം നിലയിലുള്ള പുരുഷന്മാരുടെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഉച്ചയ്‌ക്ക് 1.30നും 1.50നും ഇടയിലായിരുന്നു സംഭവം. മറ്റ് വിദ്യാർത്ഥികൾ അറിയാതിരിക്കാൻ യുവതിയുടെ ഫോൺ ജീവൻ ഗൗഡ പിടിച്ചുവാങ്ങിയിരുന്നു.
രക്ഷപ്പെട്ട യുവതി തന്റെ സുഹൃത്തുക്കളോട് ഇക്കാര്യം തുറന്നുപറഞ്ഞു. പിന്നീട് ജീവൻ ഗൗഡ വിളിച്ച് 'ഗുളിക വേണോ' എന്ന് ചോദിച്ചതായും എഫ്‌ഐആറിൽ പറയുന്നു. യുവതി പരാതി നൽകാൻ വൈകിയത് വിഷമത്തിനാലാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |