റാന്നി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്‌ടോബർ 30 വരെ 14 ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതീവ രഹസ്യമായാണ് കോടതി നടപടികൾ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും പ്രതിയും മാത്രമാണ് കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നത്.
വൈദ്യപരിശോധനയ്‌ക്ക് ശേഷം ഉടൻതന്നെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ചേക്കും. അല്ലെങ്കിൽ പത്തനംതിട്ടയിലെ തന്നെ ഏതെങ്കിലുമൊരു ക്യാമ്പിലെത്തിച്ച് ചോദ്യംചെയ്യും. അതിനുശേഷമായിരിക്കും അന്വേഷണ സംഘം തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഇതിനിടെ കോടതിയിൽ വച്ച് അഭിഭാഷകനുമായി പത്ത് മിനിട്ട് സംസാരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ രണ്ട് കേസുകളിലാണ് ഉണ്ണികൃഷ്‌ണൻ പോറ്റി അറസ്റ്റിലായിട്ടുള്ളത്. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഹൈദരാബാദ് അടക്കമുള്ളയിടങ്ങളിൽ എത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുന്നത്. ഇതുവരെ തൊണ്ടിമുതലൊന്നും കണ്ടെത്താനായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരൊക്കെയുണ്ടെന്നും കണ്ടെത്തേണ്ടതുണ്ട്. ആറാഴ്‌ച സമയമാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ളത്.
സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി. ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |