രാവണ നിഗ്രഹത്തിന് ശേഷം ശ്രീരാമചന്ദ്രനും പരിവാരങ്ങളും തിരികെ അയോദ്ധ്യയിലേക്ക് മടങ്ങിവന്നപ്പോൾ വിളക്കുവച്ച് ജനം സ്വീകരിച്ചതിന്റെ ഓർമ്മയാണ് ദീപാവലി എന്നാണ് വിശ്വാസം. മഹാവിഷ്‌ണു നരകാസുരനെ വധിച്ച ദിവസമാണിതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. വിളക്കുവച്ചും പടക്കംപൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്‌തും ആഘോഷിക്കുന്ന ദീപാവലി ദിവസം വിശ്വാസികളെ സംബന്ധിച്ച് നിരവധി പ്രത്യേകതകൾ ഉള്ളതാണ്. അഞ്ച്‌ദിവസം നീളുന്ന വലിയ ആഘോഷമാണ് വടക്കേ ഇന്ത്യയിൽ ദീപാവലി. നാളെമുതലാണ് ഇവിടെ ദീപാവലി ആഘോഷങ്ങൾ തുടങ്ങുന്നത്.
എന്നാൽ കേരളത്തിൽ ദീപാവലി ഒരൊറ്റ ദിവസം മാത്രമാണ്. ഒക്‌ടോബർ 20 തിങ്കളാഴ്‌ചയാണ് ഇത്തവണ ദീപാവലി. ഈ ആഘോഷത്തോടനുബന്ധിച്ച് ലക്ഷ്‌മീദേവിയുടെ അനുഗ്രഹം നേടേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. ദീപാവലിയുടെ തലേദിവസം വീട്ടിലും ജോലിസ്ഥലത്തും അടിച്ചുവാരി വൃത്തിയാക്കി തുളസീജലം തളിച്ച് ശുദ്ധിയാക്കണം. വീട്ടിലേക്ക് ലക്ഷ്‌മീദേവിയെ ഭക്തർ വരവേൽക്കുന്ന പ്രധാനവാതിൽ പൂർണമായും വൃത്തിയാക്കിയിരിക്കണം. ചിലർ ലക്ഷ്‌മീദേവിയുടെ കാൽപാടുകളുടെ കോലം വരച്ചിടാറുമുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് ഐശ്വര്യദായകവും രോഗങ്ങളകലാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
ഇനി ദീപാവലി ദിവസത്തിൽ ഭക്തർ ഐശ്വര്യത്തിനായി ദേവീമാഹാത്മ്യം ചൊല്ലുന്നത് ഉചിതമാണ്. മഹാലക്ഷ്‌മീ അഷ്‌ടകം ചൊല്ലുന്നതും നല്ലതാണ്. ലക്ഷ്‌മീദേവിക്ക് കൽക്കണ്ടവും മുന്തിരി പോലെ പഴങ്ങളും നേദിച്ച് അനുഗ്രഹം നേടാം. ഇതോടൊപ്പം വിളക്കുകൾ കത്തിച്ച് ദേവിയെയും ഗണപതിയെയും പ്രാർത്ഥിച്ചാൽ ഐശ്വര്യം നേടുകയും രോഗദുരിതങ്ങൾ അകലുകയും ചെയ്യുമെന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |