മുടപുരം: ചിറയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിലാകുന്നില്ല. ഉപഭോക്താക്കൾക്ക് അടിക്കടിയുണ്ടാവുന്ന വൈദ്യുതി തടസവും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമായി 33 കെ.വി സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി.
സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന് കിഴുവിലം പഞ്ചായത്ത് നവകേരള സദസ്സുവഴി സർക്കാരിന് നിവേദനം നൽകിയെങ്കിലും തീരുമാനമായില്ല. സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി തയ്യാറാണെങ്കിലും സ്ഥലം കണ്ടെത്താൻ കഴിയുന്നില്ല. സ്ഥലം ലഭിച്ചാൽ കെ.എസ്.ഇ.ബി പ്രസരണ വിഭാഗത്തിന് പുതിയ സബ്‌സ്റ്റേഷൻ സ്ഥാപിക്കാൻ കഴിയും.
ചിറയിൻകീഴ് പഞ്ചായത്തിൽ സ്ഥലമില്ലെന്നാണ് പറയുന്നത്. എന്നാൽ ചിറയിൻകീഴ് സെക്ഷന്റെ കീഴിലുള്ള കിഴുവിലം പഞ്ചായത്തിൽ അനുയോജ്യമായ സ്ഥലം നൈനാംകോണത്തും കൊച്ചാലുംമൂടും ഉണ്ടെന്ന് പഞ്ചായത്തും നാട്ടുകാരും പറയുന്നു.
വൈദ്യുതിക്ഷാമം പരിഹരിക്കാനാകും
50 സെന്റ് സ്ഥലം ഇതിന് ആവശ്യമാണ്.സ്ഥലം ലഭിച്ചാൽ ഒരു വർഷത്തിനകം പുതിയ സബ്‌സ്റ്റേഷൻ നിർമ്മിക്കാനാകും. അതുവഴി ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാനാകും.
കിഴുവിലം,അഴൂർ,ചിറയിൻകീഴ്,മുദാക്കൽ തുടങ്ങിയ പഞ്ചായത്തുകളിലായി 25000ൽ പരം ഉപഭോക്താക്കളുണ്ട്. ചിറയിൻകീഴ് സെക്ഷന്റെ കീഴിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രി ഉൾപ്പെടെ ഒട്ടേറെ ആരോഗ്യ കേന്ദ്രങ്ങൾ, നിരവധി സഹകരണ- ഷെഡ്യൂൾഡ് ബാങ്കുകൾ, നൂറുകണക്കിന് ഓഫീസുകൾ,ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുണ്ട്. ഇവിടെ വൈദ്യുതി ക്ഷാമവും തകരാറുകളും ഉണ്ടാകുന്നത് പതിവാണ്.
ആവശ്യം ശക്തം
കടയ്ക്കാവൂർ കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ 33 കെ.വി.സബ്‌സ്റ്റേഷൻ, അവനവഞ്ചേരിയിലെ 110 കെ.വി.സബ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ് ചിറയിൻകീഴിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. അവനനവഞ്ചേരിയിലോ കടയ്ക്കാവൂരിലോ പ്രകൃതിക്ഷോഭം മൂലമോ അല്ലാതെയോ തകരാറുകൾ ഉണ്ടായാൽ ചിറയിൻകീഴിലും വൈദ്യുതി തടസം അനുഭവപ്പെടും. ഇതിന് പരിഹാരമായാണ് ചിറയിൻകീഴിൽ 33 കെ.വി.സബ്‌സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |