കൊച്ചി: ബസിൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ സൂക്ഷിച്ചതിന്റെ പേരിൽ ഗതാഗത മന്ത്രിയുടെ ശാസന നേരിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ജെയ്മോൻ ജോസഫിന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി. സ്ഥലംമാറ്റ മെമ്മോയിൽ ന്യായമായ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ജെയ്മോന് പൊൻകുന്നം ഡിപ്പോയിൽ ജോലി തുടരാം.
പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയതിനെതിരെയാണ് ജെയ്മോൻ കോടതിയെ സമീപിച്ചത്. ഭരണപരമായ സൗകര്യത്തിനായി സ്ഥലംമാറ്റുന്നുവെന്നാണ് ഉത്തരവുകളിൽ സൂചിപ്പിച്ചിരുന്നത്. ഇത് മതിയായ കാരണമല്ലെന്ന് കോടതി പറഞ്ഞു. ബസ് വൃത്തിയായി സൂക്ഷിക്കാത്തതിന് അച്ചടക്കനടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് കെ.എസ്.ആർ.ടി.സി വാദിച്ചെങ്കിലും ഇത് ഉത്തരവിലോ സത്യവാങ്മൂലത്തിലോ വിശദീകരിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സ്ഥലംമാറ്റം ശിക്ഷാനടപടിയാണെന്ന് കരുതേണ്ടിവരും. ഇത് നിയമപരമല്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.
ഹർജിക്കാരനെതിരെ അച്ചടക്കനടപടി ആവശ്യമെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം സ്ഥാപനത്തിനുണ്ടാകുമെന്നും വ്യക്തമാക്കി. ബസിന്റെ മുൻവശത്തെ ചില്ലിന് സമീപം പ്ലാസ്റ്റിക് കുപ്പികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒക്ടോബർ ഒന്നിന് ആയൂരിൽ വച്ചാണ് മന്ത്രി കെ.ബി. ഗണേശ്‌കുമാർ ബസ് തടഞ്ഞ് ശകാരിച്ചത്.
മദ്യക്കുപ്പിയല്ലല്ലോ?
ബസിൽ സൂക്ഷിച്ചത് വെള്ളക്കുപ്പിയല്ലേ, മദ്യക്കുപ്പിയൊന്നും അല്ലല്ലോയെന്ന് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി വാക്കാൽ ചോദിച്ചിരുന്നു. സ്ഥാപനത്തിന്റെ തൊഴിൽ സംസ്‌കാരമാണ് മാറേണ്ടത്. അതിനാണ് നടപടി വേണ്ടതെന്നും അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |