കൊച്ചി: മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് 9 മാസത്തിനിടെ സർക്കാർ ഈടാക്കിയ പിഴത്തുക 22 കോടിരൂപ!, തുകയിൽ ഒരു ഭാഗമെടുത്ത് ബോധവത്കരണ റീലുകൾ ഇറക്കണമെന്ന് ഹൈക്കോടതി.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയ എടുത്ത ഹർജി പരിഗണിക്കവേ സർക്കാർ കണക്ക് ബോധിപ്പിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. മാലിന്യപ്രശ്‌നം തുടരുകയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്,ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക് നിരോധനമുണ്ടെങ്കിലും മൂന്നാർ,വാഗമൺ,വയനാട് തുടങ്ങിയ ഹിൽ സ്റ്റേഷനുകളിൽ സ്ഥിതി വ്യത്യസ്തമല്ല. മാലിന്യം വലിച്ചെറിയുന്നവരെ തടയാനും നടപടിയില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് പിഴ ഈടാക്കിയതിന്റെ കണക്ക് സർക്കാർ അറിയിച്ചത്. ഇതിൽ നിന്ന് ഒരുഭാഗം ചെലവിട്ട് ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാദ്ധ്യമങ്ങളിലും തിയേറ്ററുകളിലും ബോധവത്കരണ റീലുകൾ പ്രദർശിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് കോടതി പറഞ്ഞു. പുകയിലയ്ക്കെതിരായ പരസ്യങ്ങൾ ഏറെ ഫലപ്രദമായിട്ടുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
മാലിന്യം വലിച്ചെറിയുന്നതിൽ സ്വയം കുറ്റബോധം തോന്നുന്ന നിലയിലെത്തിയാൽ മാറ്റങ്ങളുണ്ടാകും. പിന്നെ കോടതി ഉത്തരവുകൾ ആവശ്യമായി വരില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി പരിസരത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഹർജി നവംബർ 14ന് വീണ്ടും പരിഗണിക്കും.
പമ്പയിൽ ജാഗ്രതവേണം
ശബരിമല സീസണിൽ പമ്പാനദിയുടെ ശുചീകരണത്തിൽ ജാഗ്രതവേണമെന്ന് കോടതി നിർദ്ദേശിച്ചു. ആറന്മുളയിലും
പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഒഴുകിയെത്തുന്ന സ്ഥിതിയുണ്ടെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |