കൊച്ചി: ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ തുടർച്ചയായ മുന്നേറ്റം നടത്തുന്നതിന്റെ പ്രതീക്ഷയിലാണ് രാജ്യത്തെ ഓഹരി വിപണി. ഇന്ത്യൻ ഓഹരിവിപണിയുടെ പ്രകടനത്തിൽ വിശ്വാസമാർജ്ജിച്ച വിദേശനിക്ഷേപകർ കൂട്ടത്തോടെ തിരിച്ചെത്തുകയും ചെയ്യുന്നതോടെ ദീപാവലിക്ക് ഓഹരിവിപണിയിൽ വെടിക്കെട്ട് പ്രതീക്ഷിക്കാമെന്നാണ് രംഗത്തുള്ളവരുടെ നിരീക്ഷണം. ചരക്ക് സേവന നികുതിയിലെ(ജി.എസ്.ടി) പരിഷ്‌കരണവും കാലവർഷത്തിന്റെ ഉയർന്ന ലഭ്യതയും നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ കമ്പനികളുടെ ലാഭക്ഷമത ഉയർത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 83,952ലും നിഫ്റ്റി 25,709ലുമായിരുന്നു.
ചൊവ്വാഴ്ചയാണ് മുഹൂർത്ത വ്യാപാരം. ഉച്ചയ്ക്ക് 1.45 മുതൽ 2.45 വരെയുള്ള ഒരു മണിക്കൂറാണ് മുഹൂർത്ത വ്യാപാരം ഇത്തവണ നടക്കുന്നത്. ഈ സമയത്തിനുള്ളിൽ നടക്കുന്ന വ്യാപാരം സമൃദ്ധി കൊണ്ടുവരുമെന്ന വിശ്വാസമുള്ളതിനാൽ ഈ സമയം ഓഹരിവിപണി മികച്ച മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ മുന്നേറ്റം തുടരുമെന്നും നിക്ഷേപകർ വിശ്വസിക്കുന്നു.
വിദേശ നിക്ഷേപകർ തിരികെ വരുന്നു
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കി. ഒക്ടോബറിൽ ഇതുവരെ 3,000 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ വാങ്ങിയത്. രണ്ടു ദിവസത്തിനിടെ രാജ്യത്തെ ഓഹരി നിക്ഷേപകരുടെ മൊത്തം ആസ്തിയിൽ ഏഴ് ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി. സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അടുത്ത ദിവസം കുറയ്ക്കാനുള്ള സാദ്ധ്യതയും ഇന്ത്യയിലേക്കുള്ള പണമൊഴുക്കിന് വേഗത കൂട്ടി.
വിപണിക്ക് പ്രതീക്ഷയേകുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി മെച്ചപ്പെട്ടത്
ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധനയിൽ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്നതിനായി അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നത്.
ചൈനയും അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ ഇന്ത്യയ്ക്ക് ഗുണമാകുമെന്ന വിലയിരുത്തൽ
അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |