വിഴിഞ്ഞം: ആയ്‌വംശ ശേഷിപ്പായ ശിലാക്ഷേത്രങ്ങളെ തിരിഞ്ഞു നോക്കാതെ അധികൃതർ. വിഴിഞ്ഞത്തെ രണ്ട് ക്ഷേത്രങ്ങളിൽ ഒന്ന് തകർന്നു. ശേഷിക്കുന്നതാകട്ടെ തകർച്ചയുടെ വക്കിലും. അവസാന ശ്രമമെന്ന നിലയിൽ കാടുമൂടിയ ക്ഷേത്രത്തിന്റെ കുറച്ചു ഭാഗം ക്ഷേത്രസംരക്ഷണ സമിതി വൃത്തിയാക്കി നിത്യവും വിളക്കു കത്തിച്ചു തുടങ്ങി. കഴിഞ്ഞ കർക്കടക മാസത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷം ക്ഷേത്രമുറ്റത്ത് നിലവിളക്ക് കൊളുത്തി രാമായണ പാരായണം തുടങ്ങിയിരുന്നു. പൈതൃക ക്ഷേത്രങ്ങൾ നാശത്തിലേക്ക് എന്നതിനെക്കുറിച്ച് 'സംരക്ഷണമില്ലാതെ വിഴിഞ്ഞത്തെ പുരാതന ക്ഷേത്രങ്ങൾ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. വികസനത്തിനായി പ്രാദേശികതല കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമം വിജയം കണ്ടില്ലെന്നു അധികൃതർ പറഞ്ഞു. എസ്റ്റിമേറ്റ് തയ്യാറാക്കിയതനുസരിച്ച് ക്ഷേത്രപുനഃരുദ്ധാരണം നടത്തുമെന്നും പ്രവേശനകവാടം തടസ്സങ്ങൾ നീക്കിക്കിട്ടാൻ നിയമപരമായി ശ്രമിക്കുമെന്നും പറഞ്ഞിരുന്നു.എന്നാൽ യതൊരുവിധ നടപടിയുമില്ല. മുൻപ് ക്ഷേത്രങ്ങൾക്ക് മുകളിൽ പടർന്നു കയറിയ ആൽമര ശിഖരങ്ങൾ മുറിച്ചുമാറ്റിയെങ്കിലും ഇവ വീണ്ടും തഴച്ചുവളർന്ന് ഇപ്പോൾ ക്ഷേത്രങ്ങൾ കുറ്റിക്കാട്ടിനുള്ളിലായ അവസ്ഥയിലാണ്.
തകർച്ചയിൽ
വിഴിഞ്ഞം ബീച്ച് റോഡിനു സമീപത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് രണ്ട് വർഷം മുൻപുള്ള മഴയിൽ തകർന്നത്. ക്ഷേത്രത്തിന് മുകളിൽ പടർന്നു കയറിയ ആൽവൃക്ഷം വീണതോടെ ക്ഷേത്രവും നിലം പതിക്കുകയായിരുന്നു. ചന്തയ്ക്കു സമീപത്തെ കുറ്റിക്കാടു പിടിച്ച ഈ രണ്ട് ക്ഷേത്രങ്ങളിൽ ഒന്ന് തകർന്നു. മറ്റൊന്ന് തകർച്ചയുടെ വക്കിലുമാണ്.
പുരാവസ്തു വകുപ്പ് ഏറ്റെടുക്കണം
ദേവസ്വം ബോർഡിന്റെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രങ്ങളായ ഇവ ചോളകാലഘട്ടത്തിൽ പണിത 64 ഓളം ക്ഷേത്രങ്ങളിൽപ്പെട്ടതാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേത്ര വികസനത്തിന് കാരണമെന്നാണ് ദേവസ്വം ബോർഡ് അധികൃതരുടെ വിശദീകരണം. വികസനത്തിനായി പ്രദേശികതല കമ്മിറ്റി രൂപീകരിക്കാനുള്ള ശ്രമം വിജയം കണ്ടില്ലെന്നും അധികൃതർ പറഞ്ഞു. ചോള-പാണ്ഡ്യആയ് രാജവംശങ്ങളുടെ കാലത്തെ ശില്പകലയുടെ സവിശേഷതകൾ പേറുന്ന നിർമ്മിതികളാണിവിടെ. ക്ഷേത്രങ്ങളിലൊന്നിൽ ശിവലിംഗപ്രതിഷ്ഠയും മറ്റൊന്നിൽ മഹാവിഷ്ണുവും ആണ്. ദേവസ്വം ബോർഡ് അല്ലെങ്കിൽ സംസ്ഥാന പുരാവസ്തുവകുപ്പ് സംരക്ഷണം ഏറ്റെടുക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |