തിരുവനന്തപുരം : തലസ്ഥാനത്തെ അടിമുടി സ്മാർട്ടാക്കാൻ വമ്പൻ പദ്ധതിയുമായി തിരുവനന്തപുരം വികസന അതോറിട്ടി (ട്രിഡ). നഗരത്തിന്റെ പ്രവേശന കവാടമായി ചാക്കയെ മാറ്രും. വട്ടിയൂർക്കാവിൽ വ്യാപാര സമുച്ഛയം, ജവഹർ ബാലഭവനിൽ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് കളിസ്ഥലം, ശംഖുംമുഖം ചാക്കറോഡ്, വെള്ളയമ്പലം കവടിയാർ റോഡ് സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള പദ്ധതികളും ഉടൻ നടപ്പാക്കും. കിഫ്ബിയെ ഫണ്ടിംഗ് ഏജൻസിയാക്കി വിഭാവനം ചെയ്തിട്ടുള്ള അർബൻ റെജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി പ്രകാരം അഞ്ച് പദ്ധതികളാണ് ട്രിഡയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്ന് ട്രിഡ ചെയർമാൻ കെ.സി.വിക്രമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രിഡ തയ്യാറാക്കി കിഫ്ബി അംഗീകരിച്ച പദ്ധതിയുടെ നിർമ്മാണച്ചുമതല സ്മാർട്ട്സിറ്റിക്കാണ്. ദേശീയപാത 66ൽ നിന്ന് നഗരഹൃദയത്തേക്കുള്ള പ്രവേശനകവാടമായ ചാക്ക ഈഞ്ചക്കൽ മേൽപ്പാലത്തിന് താഴെയുള്ള ഭാഗത്ത് ഉദ്യാനം നിർമ്മിക്കും. തൂണുകളിൽ ചുമർചിത്രങ്ങളും എൽ.ഇ.ഡി ലൈറ്റുകളും മനോഹരമായ നടപ്പാതകളും സ്ഥാപിക്കും. ഇതിനായി ദേശീയപാത അതോറിട്ടിയുടെ അനുമതി തേടിയിട്ടുണ്ട്. ആമുഖം എന്ന പേരിലാണ് പദ്ധതി. ചാക്ക ശംഖുംമുഖം ബീച്ച് എയർപോർട്ട് റോഡിന്റെ ഇരുവശവും സൗന്ദര്യവത്കരിക്കും. ഇതിനായി ഇവിടം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. നടപ്പാത,ഇരിപ്പിടങ്ങൾ,ചുമർചിത്രങ്ങൾ, ഇൻസ്റ്റാലേഷനുകൾ,പൂന്തോട്ടം,കുടിവെള്ള സൗകര്യം എന്നിവയും ഒരുക്കും.
കനകക്കുന്ന് കൊട്ടാരത്തിനു സമീപത്തെ സംസ്ഥാന ജവഹർ ബാലഭവനെ കളിയും വിജ്ഞാനവും കോർത്തിണക്കുന്ന അറിവിടമാക്കും.
ജവഹർ ബാലഭവനിൽ ഡിജിറ്റൽ ലൈബ്രറിയും സ്മാർട്ട് കളിസ്ഥലവും നിർമ്മിക്കും
എൽ.എം.എസ് വെള്ളയമ്പലം കവടിയാർ പൈപ്പ് ലൈൻ റോഡ് സൗന്ദര്യവത്കരിക്കും.
മൂന്നുനിലകളിൽ വ്യാപാര സമുച്ഛയം
വട്ടിയൂർക്കാവ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് വട്ടിയൂർക്കാവ് വ്യാപാര സമുച്ഛയം. മൂന്ന് നിലകളിലായാണ് പ്രധാന കെട്ടിടം നിർമ്മിക്കുക. എ ബ്ലോക്ക് കെട്ടിടവുമുണ്ട്. ആകെ വിസ്തീർണ്ണം 2153 ചതുരശ്ര മീറ്റർ. ഇവിടെ ആംഫി തിയേറ്ററും പാർക്കും പൊതുയോഗത്തിനുള്ള സ്ഥലവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |