ന്യൂഡൽഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പള്ളിയുടെ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തുകയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് ആരോപിച്ചത്. പാലായിൽ നടത്തിയതുപോലുള്ള വോട്ടുകച്ചവടം ഈ ഉപതിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതിനു മറുപടിയായിട്ടായിരുന്നു ഡൽഹിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
കുറച്ചു വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല സി.പി.എമ്മെന്ന് പിണറായി വിജയൻ പറഞ്ഞു. 'ഞങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാം. കുറച്ച് വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങൾ. അതാണ് ഞങ്ങളുടെ കരുത്ത്. ആ ശക്തിയാണ് ജനങ്ങൾ കാണുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയാണ് മുല്ലപ്പളളി വെല്ലുവിളിക്കുന്നതെങ്കിൽ അത് എല്ലാ അർത്ഥത്തിലും സ്വീകരിക്കുന്നു. ഇതുസംബന്ധിച്ച് എന്തുതെളിവാണ് അദ്ദേഹത്തിന്റെ കയ്യിൽ ഉളളതെന്നും' മുഖ്യമന്ത്രി ചോദിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെല്ലുവിളി എല്ലാ അർഥത്തിലും ഏറ്റെടുക്കുന്നു. മുല്ലപ്പള്ളിയുടെ പക്കൽ തെളിവുണ്ടെങ്കിൽ വെളിപ്പെടുത്താം. പൊയ്‍വെടികൾ കൊണ്ടൊന്നും രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ബന്ദിപ്പൂർ യാത്ര നിരോധനത്തെ സംബന്ധിച്ച സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രമന്ത്രിമാരെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശമുള്ളതുകൊണ്ടു തന്നെ വളരെ പരിമിതമായി മാത്രമേ സർക്കാരിന് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചുവെന്നും, എന്നാൽ ഒരു വിദഗ്‌ദ്ധ സമിതിയെ ഇക്കാര്യം പരിശോധിക്കാൻ നിയോഗിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും പിണറായി വിജയൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |