ദുബായ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമങ്ങള്‍ വിശദീകരിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി യുഎഇ. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ ജോലിസമയം, ശമ്പളം, അവധി അവകാശം എന്നിവയെക്കുറിച്ച് കൃത്യമായി ഇതില്‍ വിശദീകരിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളും ഉത്പാദനക്ഷമതയും തമ്മിലുള്ള സമത്വം നിലനിര്‍ത്തുകയെന്നതാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്.
പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒരു ദിവസം പരമാവധി എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ഇത് ഒരാഴ്ചയിലെ കണക്കില്‍ 48 മണിക്കൂറില്‍ അധികമാകാന്‍ പാടുള്ളതുമല്ല. പ്രത്യേക ഇളവ് ആവശ്യമുള്ള മേഖലയില്‍ മാത്രമേ ഇതില്‍ കൂടുതല്‍ സമയം അനുവദിക്കുകയുള്ളൂ. നിയമപരിധിക്കുള്ളില്‍ മാത്രമേ അധികസമയ ജോലി അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അധികസമയം ദിവസേന രണ്ടുമണിക്കൂറില്‍ കൂടുതലാകരുത്. മൂന്നാഴ്ചക്കുള്ളില്‍ ആകെ ജോലിസമയം 144 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ല.
അധികസമയം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തിന്റെ 25 ശതമാനമെങ്കിലും അധികം ദിവസ ജോലിക്ക് നല്‍കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലുവരെയുള്ള ജോലിക്ക് 50 ശതമാനം അധികം വേതനമായി നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭ്യമായ വിവിധ തരത്തിലുള്ള അവധിയവകാശങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |