കൊച്ചി: പെൺകുഞ്ഞ് ജനിച്ചത് ഭാര്യയുടെ കുറ്റമെന്നാരോപിച്ച് എറണാകുളം അങ്കമാലിയിൽ 29കാരിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മിഷനും ആരോഗ്യവകുപ്പും. പൊലീസിനോട് കമ്മിഷൻ റിപ്പോർട്ട് തേടുകയും ആരോഗ്യവകുപ്പ് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
കേരളകൗമുദിയാണ് നാല് വർഷമായി തുടരുന്ന 29കാരിയുടെ ദുരിതജീവിതം പുറംലോകത്തെ അറിയിച്ചത്.
സംഭവത്തിൽ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ അനുമതി തേടിയ ശേഷമേ അറസ്റ്റിലേക്ക് കടക്കൂ. ഇന്ന് യുവതിയുടെ പിതാവിന്റെ മൊഴിയെടുക്കും. തെളിവെടുപ്പുമുണ്ടായേക്കും.
2020 ജൂണിലായിരുന്നു അങ്കമാലി സ്വദേശിയുമായുള്ള വിവാഹം. 2021ൽ ഇവർക്ക് പെൺകുഞ്ഞ് പിറന്നതോടെ ഭർത്താവ് ദേഹോപദ്രവം തുടങ്ങിയെന്നാണ് പരാതി. യുവതി പലതവണ വീട്ടിലേക്ക് പോയെങ്കിലും തിരികെ വന്നു.
കഴിഞ്ഞ ദിവസം മർദ്ദനത്തിൽ തലയ്‌ക്ക് പരിക്കേറ്റതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മൊഴിയെടുത്തപ്പോഴാണ് 2021 ജൂലായ് മുതൽ നേരിട്ട ദുരിതം വെളിപ്പെടുത്തിയത്.
അതേസമയം, ഏതാനും ദിവസം മുമ്പ് ഭർതൃമാതാവിനെ യുവതി അക്രമിച്ചതായി അയൽവാസികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.
ശാസ്ത്രബോധമുള്ള സമൂഹത്തിൽ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. വിഷയം ഗൗരവത്തോടെ കേരളീയ സമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി. യുവതിക്ക് നിയമസഹായം നൽകും
പി. സതീദേവി
അദ്ധ്യക്ഷ
വനിതാകമ്മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |