പാനിപ്പത്ത്: സംസാരശേഷിയില്ലാത്ത അച്ഛന് താങ്ങും തണലുമായി കട നടത്താൻ സഹായിക്കുന്ന മകളുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹരിയാനയിലെ പാനിപ്പത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ണ് നനച്ചത്. ചുറ്റുമുള്ളവർക്ക് മാതൃകയാക്കാവുന്ന ഈ അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. പാനിപ്പത്തിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം കട നടത്തുന്ന അച്ഛനും മകളുമാണ് വീഡിയോയിൽ കാണുന്നത്.
സംസാരശേഷിയില്ലാത്ത അച്ഛൻ ആംഗ്യഭാഷയിലൂടെ സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മകൾക്ക് കൈമാറുന്നുണ്ട്. അത് മനസിലാക്കി മകൾ കടയിലേക്ക് വരുന്ന കസ്റ്റമറോട് സംസാരിച്ച് കച്ചവടം സുഗമമാക്കുന്നു. 'അച്ഛന് സംസാരിക്കാനാവില്ലെങ്കിലും, മകൾ എല്ലാ ദിവസവും അദ്ദേഹത്തെ സഹായിച്ച് കട നടത്തുന്നു. പാനിപ്പത്ത് ഓൾഡ് ബസ് സ്റ്റാൻഡ്, ശുക്‌ദേവ് നഗർ ഗേറ്റ് ഒന്നിനടുത്ത് പ്രവീൺ മെഡിക്കലിന് എതിർവശമാണ് കട സ്ഥിതി ചെയ്യുന്നത്. അതിന് അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ കടയിൽ നിന്ന് എന്തെങ്കിലും വാങ്ങുക. ചെറിയൊരു സഹായം പോലും അവർക്ക് വലുതാണ്,' എന്ന കുറിപ്പോടെയാണ് അഡ്വക്കേറ്റ് ഹോമി ദേവംഗ് കപൂർ എന്നയാൾ എക്സിൽ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കുടുംബത്തിന് ആശംസകളുമായി എത്തിയത്.
'ഭാഷ ഉപജീവനത്തിന് തടസമല്ലെന്ന് അദ്ദേഹം തെളിയിച്ചു. ഇന്ന് തന്നെ അദ്ദേഹത്തിന്റെ കടയിൽ നിന്ന് സാധനം വാങ്ങും' ഒരാൾ കമന്റ് ചെയ്തു. 'അവരുടെ അവസ്ഥ കണ്ടിട്ടും വിലപേശാൻ ശ്രമിക്കുന്ന ആളുകളെ കാണുമ്പോൾ ദുഃഖമുണ്ട്. റോഡരികിൽ കച്ചവടം ചെയ്യുന്നവരോടും ഉത്സവ സമയങ്ങളിൽ ജോലി ചെയ്യുന്നവരോടും ദയ കാണിക്കുക.' മറ്റൊരാൾ കമന്റ് ചെയ്തു. ഇവളാണ് അച്ഛന്റെ മാലാഖയെന്നും കമന്റുകൾ വന്നു. നാലു ലക്ഷത്തിലധികം പേരാണ് അഡ്വക്കേറ്റ് പങ്കുവച്ച വീഡിയോ കണ്ടത്.
Papa can’t speak, but his daughter
— Adv. Homi Devang Kapoor (@Homidevang31) October 19, 2025
runs the shop helping him every day
📍 Panipat: Old Bus Stand, near Shukdev Nagar Gate 1, opposite Parveen Medical
If you’re nearby, buy something
A little help can mean a lot 🙏🏻 pic.twitter.com/wfD7f8NgUQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |