തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന വിഷയങ്ങളിൽ വിവരാവകാശനിയമപ്രകാരം മറുപടി നൽകുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തരവകുപ്പ്. തൃശൂർപൂരം കലക്കിയതിൽ പൊലീസ് അന്വേഷണമില്ലെന്ന വിവരാവരാശ മറുപടി സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
നൽകിയത് തെറ്റായ വിവരമാണെന്ന് ചൂണ്ടിക്കാട്ടി
പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായിരുന്ന ഡിവൈ.എസ്.പി എം.എസ്.സന്തോഷിനെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുത്ത് താക്കീത് നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിലാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്ന മറുപടികൾ വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നത്.
ഇത്തരം നിർദ്ദേശങ്ങൾ രഹസ്യമായി നൽകാറുണ്ടെങ്കിലും സർക്കാർ ഉത്തരവിൽ പറയുന്നത് ആദ്യമാണ്. വിവരാവകാശ നിയമത്തിന്റെ അന്തഃസത്ത ഇല്ലാതാക്കുന്നതാണ് ഈ നിർദേശമെന്ന് ആക്ഷേപമുണ്ട്.
പൂരംകലക്കൽ അന്വേഷണവും തൃശൂർ സിറ്റി പൊലീസ് കമ്മിഷണറെ മാറ്റിയതുമായി ബന്ധപ്പെട്ട് ചാനൽലേഖകൻ അഞ്ചു ചോദ്യങ്ങളാണ് ഉന്നയിച്ചത്. സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് മറുപടി നൽകും മുൻപ് ഡിവൈ.എസ്.പി അപൂർണമായ വിവരംനൽകി. പൂരംകലങ്ങിയതിനെക്കുറിച്ച് തൃശൂർ സിറ്റിപൊലീസ് അന്വേഷണം നടത്തിയിട്ടില്ല. അതിനാൽ വിവരങ്ങൾ അവിടെ ലഭ്യമല്ല. ഇതായിരുന്നു മറുപടി. തൃശൂർകമ്മിഷണറുടെ ഓഫീസിലേക്കും അപേക്ഷ കൈമാറി.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പൂരംകലക്കൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അന്വേഷിക്കുന്നുണ്ടായിരുന്നു.
ഡിവൈ.എസ്.പിയുടെ
ജാഗ്രതക്കുറവ്
ഡിവൈ.എസ്.പി നിസംഗതയോടെ ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞെന്നും സൂക്ഷ്മതയും ജാഗ്രതയും പാലിച്ചില്ലെന്നും സർക്കാർ വിലയിരുത്തി.
പൂരംകലക്കലിൽ അന്വേഷണം നടക്കുന്നില്ലെന്ന് തെറ്റിദ്ധാരണ സംസ്ഥാനമാകെ പടരാനിടയാക്കി. തൃശൂർകമ്മിഷണറെ സ്ഥലംമാറ്റിയത് സംബന്ധിച്ച ചോദ്യം മറുപടിക്കായി സർക്കാരിലേക്ക് അയയ്ക്കാത്തതും വീഴ്ചയായി.
ഉത്തരവ് ചട്ടവിരുദ്ധം
സർക്കാർഓഫീസുകളിലെ വിവരാവകാശ ഓഫീസർമാർ വിവരാവകാശ കമ്മിഷന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കേണ്ടതെന്നാണ് നിയമത്തിൽ പറയുന്നത്. മറുപടി ഏതുവിധത്തിലാവണമെന്ന് സർക്കാരിന് നിർദ്ദേശിക്കാനാവില്ല. ഇതിനുവിരുദ്ധമാണ് സർക്കാർ ഉത്തരവെന്ന് ആക്ഷേപമുയർന്നു.
ഉദ്യോഗസ്ഥൻ തെറ്റായ മറുപടിനൽകിയാൽ, നടപടിയെടുക്കേണ്ടത് വിവരാവകാശ കമ്മിഷനാണ്. ഇതുമറികടന്നാണ് ഡിവൈ.എസ്.പിയെ സസ്പെൻഡ് ചെയ്തതും പിന്നീട് തിരിച്ചെടുത്ത് താക്കീത് നൽകിയതും.
ഉത്തമവിശ്വാസത്തോടെ കൈക്കൊള്ളുന്ന നടപടികൾക്ക് വിവരാവകാശ നിയമത്തിലെ സെക്ഷൻ-21 പ്രകാരം ഉദ്യോഗസ്ഥർക്ക് പരിരക്ഷയുണ്ട്. അവർക്കെതിരെ വ്യവഹാരമോ പ്രോസിക്യൂഷനോ നിലനിൽക്കില്ലെന്നാണ് നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |