ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രദർശനത്തിനെത്തിയ അന്യസംസ്ഥാനക്കാരായ ഭക്തർ അമ്പലപ്പറമ്പിൽ നെയ്മീൻ വറുത്ത് ഭക്ഷണം കഴിച്ചത് ബഹളത്തിന് വഴിയൊരുക്കി. പാർക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന പൂരപ്പറമ്പിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ടൂറിസ്റ്റ് ബസിൽ ആന്ധ്രയിൽ നിന്ന് എത്തിയവർ ഭക്ഷണം തയ്യാറാക്കിയത്. സമീപത്തെ ലോഡ്ജ് ഉടമ വിലക്കിയെങ്കിലും ഭക്തർ ചെവിക്കൊണ്ടില്ല.
വിവരമറിഞ്ഞ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറും മാനേജരും സ്ഥലത്തെത്തിയപ്പോൾ ഒരു പാത്രം നിറയെ മീൻ വറുത്ത് ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘം.
ക്ഷേത്രത്തിന്റെ മതിലിനുള്ളിൽ നോൺ വെജ് ഭക്ഷണം അനുവദനീയമല്ലെന്ന് പറഞ്ഞപ്പോൾ, 'അറിയാതെ പറ്റിയതാണ്' എന്ന ഒഴുക്കൻ മറുപടിയിൽ പ്രശ്‌നം തീർക്കാനാണ് അവർ ശ്രമിച്ചത്. ചോറ്റാനിക്കര പൊലീസും സ്ഥലത്തെത്തി. അന്യസംസ്ഥാനക്കാരെ ന്യായീകരിച്ച് മുൻ ഉപദേശക സമിതി സെക്രട്ടറിയും മറ്റൊരു പ്രമുഖനും രംഗത്തുവന്നു. സമീപത്തെ വ്യാപാരികളും ലോഡ്ജ് ഉടമകളും ഇവരെ ചോദ്യം ചെയ്തപ്പോൾ വാക്കുതർക്കമായി. ഒച്ചപ്പാടും ബഹളവും ആയതോടെ പിഴയടച്ച് ആന്ധ്രാ സ്വദേശികൾ സ്ഥലം വിട്ടുപോയി.
ഹൈക്കോടതി വിധി നടപ്പാക്കാതെ ദേവസ്വം ബോർഡ്
ക്ഷേത്രത്തിന്റെ പ്രധാന പാർക്കിംഗ് ഗ്രൗണ്ടായ പൂരപ്പറമ്പ് മതിൽ കെട്ടി തിരിക്കണമെന്ന് വർഷങ്ങൾക്കുമുമ്പേ ഹൈക്കോടതി വിധിയുണ്ടെങ്കിലും ദേവസ്വം ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. തുറന്നുകിടക്കുന്ന ഗ്രൗണ്ടിനുള്ളിൽ സെക്യൂരിറ്റി ജീവനക്കാരും ഇല്ലാത്തതിനാൽ മാലിന്യം വലിച്ചെറിയലും ലഹരിമാഫിയകളുടെ വിളയാട്ടവും പതിവാണ്.
കഴിഞ്ഞദിവസം വാക്കുതർക്കത്തിനൊടുവിൽ ഒരാൾ സഹോദരനെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവവും നടന്നു. സമീപത്തുള്ള വ്യാപാരികളെയും ലോഡ്ജ് ഉടമകളെയും സഹായിക്കുന്നതിനാണ് മതിൽകെട്ടി തിരിക്കാത്തതെന്ന ആരോപണവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |