വിതുര: വിതുര ശാസ്താംകാവ് റോഡ് ഗട്ടറുകൾ നിറഞ്ഞ് ശോച്യാവസ്ഥയിൽ. പാലോട് വിതുര റോഡിൽ മേലേകൊപ്പം ജംഗ്ഷനിൽ നിന്ന് ശാസ്താംകാവ് മേഖലയിലേക്കുള്ള റോഡ് തകർന്നിട്ട് ഒരുവർഷമാകുന്നു. റോഡിന്റെ മിക്ക ഭാഗത്തും കുഴികളാണ്. നിലവിൽ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. വീതിയും കുറഞ്ഞിട്ടുണ്ട്. മഴ കനത്താൽ യാത്ര ഏറെ ദുരിതപൂർണമാകും. സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന പ്രധാനറോഡുകൂടിയാണ് തകർച്ച നേരിടുന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അപകടങ്ങൾ ഈ മേഖലയിൽ പതിവായിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
കുഴികൾ അതേപടി
ജലജീവൻമിഷൻ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പൈപ്പ് കണക്ഷൻ നൽകുന്നതിന് ശാസ്താംകാവ് മേഖലയിലെ റോഡ് വ്യാപകമായി വെട്ടിപ്പൊളിച്ചിരുന്നു. റോഡിന്റെ വീതിയും ഗണ്യമായി കുറഞ്ഞു. റോഡ് കുറുകെ കുഴിച്ചാണ് കണക്ഷനുകൾ നൽകിയത്.കണക്ഷൻ നൽകിയശേഷം കുഴികൾ നികത്തുമെന്ന് വാട്ടർഅതോറിട്ടി അറിയിച്ചിരുന്നെങ്കിലും റോഡിലെ കുഴികൾ ഇതുവരെ നികത്തിയിട്ടില്ല. മാത്രമല്ല കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ മിക്കഭാഗത്തും ജലവകുപ്പ് എടുത്ത കുഴികൾ അതേപടി കിടക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല
ശാസ്താംകാവ് റോഡിന്റെ ശോച്യാവസ്ഥയും വർദ്ധിച്ചുവരുന്ന അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഗണപതിയാംകോട് വാർഡ്മെമ്പർ തങ്കമണിയും പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദും പ്രശ്നത്തിൽ ബന്ധപ്പെടുകയും റോഡ് ടാറിംഗ് നടത്താൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡ് ഗതാഗതയോഗ്യമാക്കം എന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |