കോന്നി: മഴയിൽ മനോഹരിയാവുകയാണ് വാപ്പില വെള്ളച്ചാട്ടം. മലയാലപ്പുഴ പഞ്ചായത്തിലെ ഹാരിസൻ മലയാളം ലിമിറ്റഡിന്റെ കുമ്പഴ എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിലാണ് വെള്ളച്ചാട്ടം . അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡിലെ ചെങ്ങറ, ചിറത്തിട്ട ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞാൽ വെള്ളച്ചാട്ടത്തിലേക്ക് വഴി തുടങ്ങുകയായി. പച്ചപ്പണിഞ്ഞുനിൽക്കുന്ന കൈതച്ചക്കത്തോട്ടത്തിന്റെ താഴ്‌വാരത്തുനിന്ന് വഴി മൂന്നായി തിരിയുന്നു. മൂന്നിലൂടെപ്പോയാലും ചെന്നെത്തുക വെള്ളച്ചാട്ടത്തിനടുത്തേക്കാണ്. ഈ മൺപാതകളിലൂടെ വാഹനയാത്ര ആയാസകരമാണ്. കാറിലെത്തുന്നവർ ഇവിടെ വാഹനം നിറുത്തിയിട്ട ശേഷം നടന്നുപോകുന്നതാകും ഉചിതം. ഫോർവീൽ ഡ്രൈവ് വാഹനങ്ങളും ബൈക്കുകളും വെള്ളച്ചാട്ടത്തിന് അടുത്തുവരെയെത്തും. പ്ലാന്റേഷനുള്ളിൽ പലവഴികളുണ്ട്. എല്ലാത്തിനും ഒരേ രൂപമായതിനാൽ തെറ്റാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വട്ടംകറങ്ങും, . പ്ലാന്റേഷനുള്ളിലൂടെയുള്ള നടപ്പ് നീളുന്തോറും വെള്ളമൊഴുകുന്ന ശബ്ദം ചെവിയിലേക്കെത്തും. ഇഞ്ചമുള്ളുകൾ അതിരുതീർക്കുന്ന നടപ്പുവഴിയിലൂടെ ഇറങ്ങണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. ശ്രദ്ധയോടെ പോയില്ലെങ്കിൽ വീഴാൻ ഇടയുണ്ട്. മഴ പെയ്യുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി യുവാക്കളാണ് ഇവിടെ എത്തുന്നത്. 75 വർഷങ്ങൾക്കു മുമ്പ് ഒരു കുട്ടി ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ഇവിടെനിന്ന് തിരച്ചുകയറി മൺപാതയിലൂടെ അൽപം മുന്നോട്ടുപോയാൽ തട്ടുകളായി ഒഴുകുന്ന രണ്ടാം വെള്ളച്ചാട്ടത്തിലെത്താം. പ്രധാന പാതയിൽനിന്ന് ഇടവഴികളിലിറങ്ങിവേണം ഇവിടേക്കും പോകാൻ. അതുമ്പുംകുളത്തുനിന്ന് കല്ലാറ്റിലേക്ക് എത്തുന്ന വാപ്പില തോട്ടിലാണ് ഈ വെള്ളച്ചാട്ടം. സമീപത്ത് തന്നെയാണ് ചെങ്ങറ സമരഭൂമിയും റാന്നി വനം ഡിവിഷനിലെ കടവുപുഴ വനമേഖലയും.
കാണികളേറെ, കൗതുകമേറെ
35 മീറ്ററോളം വെള്ളം പരന്നൊഴുകുന്നതാണ് കാഴ്ച. കുട ചൂടുന്നതുപോലെ ആഞ്ഞിലിമരത്തിന്റെ ശിഖരങ്ങൾ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് താഴ്ന്നുപരന്നു കിടക്കുന്നു. ഒഴുകിയിറങ്ങുന്ന വെള്ളം പതിക്കുന്നിടത്തിറങ്ങി കുളിക്കാനും സൗകര്യമുണ്ട്. ഇവിടം പൊതുവേ അപകടകരമല്ലെങ്കിലും മഴക്കാലത്ത് ഒഴുക്ക് കൂടുമ്പോൾ വെള്ളത്തിന്റെ അളവ് കൂടും. അപ്പോൾ വെള്ളച്ചാട്ടത്തിനരികിലേക്ക് പോകുന്നത് ഉചിതമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |