ആയിരക്കണക്കിന് കർഷകർ ആശങ്കയിൽ
പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്ത് 80 ശതമാനത്തിലേറെ കഴിഞ്ഞിട്ടും നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നില്ല. നെല്ലെടുപ്പ് ആരംഭിക്കാത്തതിനാൽ ആയിരക്കണക്കിനു കർഷകർ കടുത്ത പ്രതിസന്ധിയിലായി. കിലോയ്ക്ക് 10 രൂപ വരെ നഷ്ടം സഹിച്ച് കിട്ടിയ വിലയ്ക്ക് നെല്ലു വിൽക്കുകയാണ് കർഷകർ. സപ്ലൈകോ സംഭരണവില പ്രഖ്യാപിക്കാത്തതു മുതലെടുത്തു മില്ലുകൾ വില വല്ലാതെ താഴ്ത്തുന്നുണ്ട്. നെല്ല് മില്ലിൽ എത്തിച്ചു നൽകണമെന്നതുൾപ്പെടെയുള്ള അധിക നിബന്ധനകളും അടിച്ചേൽപ്പിക്കുന്നു. സർക്കാർ വില കഴിഞ്ഞ വർഷത്തേതു തന്നെയാണെന്ന രീതിയിൽ സ്വകാര്യ മില്ലുകളും വെള്ള നെല്ലിന് 20 രൂപയും മട്ടന്നല്ലിന് 23 രൂപ വരെയും നൽകി സംഭരിക്കാൻ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞവർഷത്തെ നെല്ലു വില ആണെങ്കിൽ കിലോയ്ക്ക് 28 രൂപ 20 പൈസയാണ് ലഭിക്കുക. വിലയിലും മില്ലുകളെ അനുവദിക്കുന്നതിലും മൂന്നുദിവസം മുമ്പ് നടന്ന ചർച്ചയിൽ തീരുമാനമായില്ല. സപ്ലൈകോയാണ് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിന് സ്വകാര്യ മില്ലുകളെ ചുമതലപ്പെടുത്താറുള്ളത്. മുമ്പ് രണ്ട് തവണ മില്ലുകളുമായി ചർച്ച നടത്തിയെങ്കിലും മില്ലുകാരുടെ ആവശ്യങ്ങൾക്ക് സപ്ലൈകോയും വഴങ്ങിയിരുന്നില്ല. സംഭരിച്ച നെല്ലിന്റെ നിശ്ചിത അനുപാതമായ 60 ശതമാനം അരി സപ്ലൈകോയ്ക്ക് നൽകണമെന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നാണ് മില്ലുടമകൾ പറയുന്നത്. കൈകാര്യ ചെലവ് വർദ്ധന, ജി.എസ്.ടി ഇളവ്എന്നിവയും മില്ലുടമാസംഘം ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച പാലക്കാട് രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ മില്ലുടമ സംഘങ്ങളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കേരള റൈസ് വില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി 18ന് എറണാകുളത്ത് വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി വീണ്ടും ചർച്ച നടത്തുന്നുണ്ടെന്ന് മില്ലുടമാസംഘം ഭാരവാഹികൾ പറഞ്ഞു. സംഭരണം വൈകിയതോടെ കൊയ്ത്തു കഴിഞ്ഞയിടങ്ങളിൽ ലഭ്യമായ വെയിലിൽ നെല്ല് ഉണക്കി വീട്ടു പരിസരത്ത് സൂക്ഷിക്കുകയാണ്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴ ആരംഭിച്ചതോടെ നെല്ല് നനയാതെ സൂക്ഷിക്കാൻ കഴിയാത്തതിനാൽ ദുരിതത്തിലായി കർഷകർ. പ്ലാസ്റ്റിക് ഷീറ്റും ടാർപായകളും ഉപയോഗിച്ചാണ് താൽക്കാലികമായി നെല്ല് മഴ കൊള്ളാതെ സൂക്ഷിക്കുന്നത്. കൂടുതൽ ദിവസം ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും അന്തരീക്ഷ ഈർപ്പം കൂടുതൽ നിലനിൽക്കുന്നതിനാൽ നെല്ല് കൂട്ടി പൊതിഞ്ഞു വെച്ചാൽ മുളച്ചു പോകാനുള്ള സാധ്യതയുണ്ടെന്നും കർഷകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |