കുടിവെള്ള പൈപ്പ് പൊട്ടിയത് 10 ഇടങ്ങളിൽ
മുതലമട: പോത്തപാടം മേച്ചിറ റോഡ് തകർന്ന് തരിപ്പണമായി. മീങ്കര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയിട്ട് മാസങ്ങളായിട്ടും ചോർച്ച പരിഹരിയ്ക്കാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം.10 ഇടങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. കുടിവെള്ളം പാഴാവാതിരിക്കാൻ അറ്റകുറ്റപ്പണിക്കായി അധികൃതർ എത്തുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മീറ്റർ റീഡിംഗിനു വരുന്നവരോടും വാട്ടർ അതോറിറ്റിയിലും പലതവണ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. പെരിഞ്ചിറ ഭാഗത്ത് ആറിടത്തും പത്തിചിറ ഭാഗത്ത് നാലിടത്തുമാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിൽ പാഴായിപ്പോകുന്നത്. പോത്തപാടം മുതൽ മേച്ചിറ വരെയുള്ള റോഡിൽ കാടംകുറിശ്ശി വരെ ഒരു കിലോമീറ്റർ റോഡ് കുടിവെള്ള ചോർച്ച കാരണം പൂർണമായും തകർന്നു. 10 വർഷം മുൻപ് പഞ്ചായത്ത് നിർമ്മിച്ച റോഡാണിത്. നിർമ്മാണത്തിന് ശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും ചെയ്തിട്ടില്ല. കുടിവെള്ള കണക്ഷനുകൾക്കായി റോഡ് മുറിച്ചത് നികത്തിയിട്ടില്ല. പൈപ്പിലെ ചോർച്ചയാവുന്ന വെള്ളം റോഡിൽ കെട്ടി കിടന്നതാണ് റോഡ് തകരാനിടയാക്കിയത്.
അഞ്ചു സ്‌കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും നിരവധി വിദ്യാർത്ഥികളും കാൽനടയാത്രക്കാരും പ്രതിദിനം യാത്ര ചെയ്യുന്ന റോഡാണിത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികളും ഇതുവഴിയാണ് ചുള്ളിയാർ ഡാമിലും ശുക്രിയാലിലും തെന്മലയിലും എത്തിചേരുന്നത്. രാവിലെ മുതൽ രാത്രി വരെ പമ്പ് ചെയ്യുന്ന മീങ്കര കുടിവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതിനാൽ ഇവിടെ അപകടങ്ങളും പതിവായി. ഇക്കാര്യം പഞ്ചായത്തിനെയും ജനപ്രതിനിധികളെയും വാട്ടർ അതോറിറ്റി അധികൃതരെയും പലതവണ അറിയിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
മുതലമടയിലെയും കൊല്ലങ്കോട്ടെയും ഗ്രാമീണഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് തകർന്ന റോഡുകൾ വിനയാണ്. ഈ റോഡുകളിൽ വാഹനങ്ങൾ കേടാകുന്നത് നിത്യസംഭവമാണ്. തകർന്ന റോഡുകൾ ഉടൻ നന്നാക്കാൻ അധികൃതർ ഇടപെടണം'
സുഭാഷ് കളപ്പെട്ടി, വിനോദ സഞ്ചാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |