തൃശൂർ: കേരള സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ മൂന്ന് കളികളിൽ രണ്ടും ജയിച്ച് ആറ് പോയിന്റുമായി പട്ടികയിൽ മുൻപിൽ നിൽക്കുന്ന മാജിക് എഫ്.സിയുടെ സ്വന്തം കളിക്കളമാകാനൊരുങ്ങി തൃശൂർ കോർപറേഷൻ ഗ്രൗണ്ട്. കിക്കോഫിനുള്ള ഒരുക്കങ്ങൾ മൈതാനത്ത് തകൃതിയായി നടക്കുന്നു. നവംബർ ഒമ്പതിന് മലപ്പുറത്തിനെതിരെ നടക്കുന്ന മാജിക് എഫ്.സിയുടെ ഹോം മാച്ച് തൃശൂരിൽ നടത്താനായുള്ള തീവ്രപരിശ്രമത്തിലാണ് ജില്ലാ ഫുട്ബാൾ അസോസിയേഷനും മാജിക് എഫ്.സി മാനേജ്‌മെന്റും.
നവംബർ ഒമ്പതിന് മത്സരം നടത്താനായില്ലെങ്കിൽ നവംബർ 14ന് കോഴിക്കോടിനെതിരെയും ഡിസംബർ ഒന്നിന് തിരുവനന്തപുരത്തിനെതിരെയുമുള്ള മത്സരങ്ങൾ തൃശൂരിൽ നടക്കും. കഴിഞ്ഞ മൂന്ന് കളികളിൽ മലപ്പുറത്തിനെതിരെ മാത്രമാണ് തൃശൂർ (10) പരാജയപ്പെട്ടത്. കോഴിക്കോടിനെതിരെയും (10) തിരുവനന്തപുരത്തിനെതിരെയും (10) തൃശൂർ മാജിക് എഫ്.സി ജയിച്ചതോടെ ആവേശത്തിലാണ് ആരാധകരും. തൃശൂരിൽ കളി നടക്കുമ്പോൾ ഇരുപതിനായിരത്തോളം ആരാധകരെങ്കിലും ഇവിടേക്ക് കുതിച്ചെത്തുമെന്നാണ് ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ കണക്കുകൂട്ടൽ.
'ആരാധകരുടെ ആർപ്പുവിളികൾക്കിടെ ഹോം ഗ്രൗണ്ടിൽ കളിക്കേണ്ട മത്സരങ്ങൾ പോലും മറ്റ് ഗ്രൗണ്ടുകളിൽ കളിച്ചാണ് ടീം ജയിച്ചത്. എന്നിട്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞു. ഹോം ഗ്രൗണ്ടിൽ കളിച്ചാൽ കൂടുതൽ ആനുകൂല്യം ടീമിന് ലഭിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിശ്വാസം.
നിർമ്മാണം തകൃതി
മൈതാനത്ത് വിരിക്കാനുള്ള ടർഫ് ചൈനയിൽ നിന്നും എത്തിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ ഫുട്ബാൾ അസോസിയേഷൻ. വന്നാൽ പണി തുടങ്ങും. പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ടർഫ് വിരിക്കാൻ നാലഞ്ച് ദിവസം മാത്രം മതി. ഗാലറി മൊത്തം പൊളിച്ചുപണിയുന്നതിന് പകരം കേടുവന്ന ഭാഗങ്ങൾ ശരിയാക്കി പെയിന്റടിച്ച് വൃത്തിയാക്കും. കാണികൾക്കും കളിക്കാർക്കും വേണ്ട ടോയ്‌ലെറ്റ് സൗകര്യം ഉൾപ്പെടെ ഒരുക്കും. ഫ്‌ളഡ്‌ലിറ്റ് ഉൾപ്പെടെ ഒരുക്കേണ്ടതുണ്ട്. മൈതാനത്തിന് അരികിലുള്ള കെട്ടിടങ്ങളും പുതുക്കിപ്പണിയും.
അഞ്ചുവർഷം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാമെന്ന കരാർ മാജിക് എഫ്.സിയുമായി കോർപറേഷൻ ഒപ്പുവച്ചിട്ടുണ്ട്. എതിർപ്പുകൾക്ക് ഇനി സ്ഥാനമില്ല. മൈതാനത്തിന്റെ ഉടമസ്ഥാവകാശം അല്ല, കളിക്കാനുള്ള സൗകര്യം മാത്രമാണ് നൽകുന്നത്.
-സി.സുമേഷ്, പ്രസിഡന്റ്, ജില്ലാ ഫുട്ബാൾ അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |