കല്ലമ്പലം: അഴാംകോണത്ത് തകർന്ന റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പ്രധാന പാത അടച്ചിട്ട് വാഹനങ്ങൾ കല്ലമ്പലം ഭാഗത്ത് നിന്നും സർവീസ് റോഡ് വഴിതിരിച്ചുവിടുകയും ആഴാംകോണത്ത് വീണ്ടും ദേശീയപാതയിൽ സംഗമിക്കുകയും ചെയ്യുന്ന ഭാഗത്തെ ഇടിഞ്ഞുതാഴ്ന്ന റോഡാണ് വീണ്ടും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. 21ന് കല്ലമ്പലത്ത് അശാസ്ത്രീയ റോഡ് നിർമ്മാണം എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടിയുണ്ടായത്. രാത്രി 7 മണിയോടെ ഏതാനും സമയത്തേക്ക് ഗതാഗതം തടഞ്ഞ ശേഷമാണ് റോഡ് റീടാർ ചെയ്തത്. റോഡിലെ കുഴിമൂലം ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് പ്രധാന പാത അടച്ചിരുന്നു. സർവീസ് റോഡ് തീരുന്ന ഭാഗത്ത് പ്രധാന റോഡിലേക്ക് കയറാൻ താത്ക്കാലികമായി നിർമ്മിച്ച റോഡാണ് മഴ ശക്തമായതോടെ പൂർണമായും തകർന്നത്. ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇനിയും റോഡിന് പഴയ അവസ്ഥയുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |