ആറ്റിങ്ങൽ: അമീബിക്ക് മസ്തിഷ്കജ്വര വ്യാപന ഭീഷണി നിലനിൽക്കുന്ന ആറ്റിങ്ങൽ നഗരസഭയിൽ മുന്നൊരുക്കമില്ലാതെ നഗരസഭ ആരോഗ്യവിഭാഗം. ഭീഷണി നിലനിൽക്കുന്ന കുളത്തിലെ വെള്ളം സാംപിൾ പരിശോധന നടത്താൻ നീക്കവുമില്ല. നഗരസഭാതിർത്തിയിലെ 31 വാർഡുകളിലായി 35 കുളങ്ങൾ ഉണ്ടെന്നാണ് നഗരസഭാ രേഖകൾ പറയുന്നത്. അടുത്തിടെ കൊടുമൺ സ്വദേശിയായ 57കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നഗരാതിർത്തിയിലെ ഏറ്റവും വലിയ കുളമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രക്കുളത്തിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. എന്നാൽ ഈ കുളം അടക്കം നഗരത്തിലെ ഒരുകുളത്തിലെ വെള്ളവും ശേഖരിക്കുകയോ പരിശോധന നടത്തുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.
മുന്നറിയിപ്പ് ബോർഡ് മാത്രം
അമീബിക്ക് മസ്തിഷ്കജ്വര വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുളങ്ങളും മറ്റ് ജലസ്രോതസുകളും ഉപയോഗിക്കരുതെന്ന ബോർഡ് സ്ഥാപിച്ചതോടെ കുളത്തിലെ ജല പരിശോധന നടത്താതെ ബോർഡ് സ്ഥാപിച്ചതിൽ നാട്ടുകാരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ കുളങ്ങളെല്ലാം മാലിന്യങ്ങൾ നിറഞ്ഞതാണ്. നഗരത്തിലെ മാർക്കറ്റുകളിൽ ചിലയിടങ്ങളിൽ മാലിന്യ കൂമ്പാരവുമുണ്ട്.
ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം ശുചീകരിച്ചിട്ട് 33 വർഷം
മാലിന്യങ്ങൾ ചാക്കുകളിൽ
ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കി വാർഡിന്റെ വിവിധയിടങ്ങളിൽ സൂക്ഷിച്ചതിന് 30 വാർഡുകൾക്ക് വാർഡ് ഒന്നിന് 5000 രൂപ പിഴയിട്ട് നഗരസഭ നോട്ടീസ് നൽകിയ സംഭവവുമുണ്ട്. ഇണ്ടിളയപ്പൻ ക്ഷേത്രക്കുളം ശുചീകരിച്ചിട്ട് 33 വർഷമാകുന്നു. ഒടുവിൽ ശുചീകരിച്ചത് 1992ൽ. നഗരത്തിലെ മറ്റ് കുളങ്ങളുടെ കാര്യവും ഇതുതന്നെയെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |