പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്ടർ പ്രമാടത്ത് ഇറങ്ങിയപ്പോൾ ടയർ കോൺക്രീറ്റിൽ താഴ്ന്നു പോയ സംഭവത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. സംഭവം വിവാദമായതിന് പിന്നാലെയാണ് കളക്ടറുടെ പ്രതികരണം. ഉണ്ടായത് അര ഇഞ്ചിന്റെ താഴ്ചയാണെന്ന് കളക്ടർ പറഞ്ഞു. ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എച്ച് മാർക്കിനെക്കാൾ പിന്നിലാണ് ഹെലികോപ്ടർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ഇവിടെ നിന്നു തന്നെ ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.
നേരത്തെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാൻഡ് ചെയ്യാൻ നേരത്തേ തന്നെ ക്രമീകരണം ഒരുക്കിയിരുന്നു. ആ നിശ്ചിത സ്ഥലത്ത് നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്ടർ ലാൻഡ് ചെയ്തത്. ഇത് കോൺക്രീറ്റ് ഉറയ്ക്കാത്ത ഭാഗത്തായിപ്പോയി. തുടർന്ന് ഹെലികോപ്ടറിന് മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. ഇതോടെയാണ് നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ഹെലികോപ്ടർ തള്ളി നീക്കിയത്. അല്ലാതെ ഹെലികോപ്ടറിനോ രാഷ്ട്രപതിയുടെ ലാൻഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹെലിപാഡ് തയ്യാറാക്കി കോൺക്രീറ്റ് ചെയ്തത് പിഡബ്ല്യുഡി ആണ്. എയർഫോഴ്സ് ജീവനക്കാർ നിർദേശിച്ച ഇടത്താണ് ഹെലിപാഡ് തയ്യാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു. രാത്രി ഏറെ വൈകിയാണ് ഇവിടം കോൺക്രീറ്റ് ചെയ്തത്. എയർഫോഴ്സ് ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ തന്നെയാണ് പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട കോന്നി പ്രമാടം ഇൻഡോർ സ്റ്രേഡിയത്തിൽ ഒരുക്കിയ ഹെലിപ്പാഡിലാണ് സംഭവം. ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോകുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളി നീക്കി. ആദ്യം നിലയ്ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് പ്രമാടത്തേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |