ആലപ്പുഴ: ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ജില്ലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ വെള്ളാപ്പള്ളി-ശവക്കോട്ട കനാലിന്റെ വശങ്ങൾ കെട്ടുന്ന ജോലികളും കാനൽ ആഴം കൂട്ടലുമാണ് പുരോഗമിക്കുന്നത്. ബീച്ച് ഭാഗത്തെ സർവേ നടപടികൾ പൂർത്തിയായി. പ്രധാന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായ പൈലിംഗ് ഉടൻ ആരംഭിക്കും. പുന്നമട ഫിനിഷിംഗ് പോയിന്റിലെ നിർമ്മാണ പ്രവർത്തികൾക്കുള്ള ഭാരപരിശോധനയും പൈലിംഗിനായുള്ള പ്രവർത്തനങ്ങളും തുടങ്ങി.
യു.എൽ.സി.സി.എസിനാണ് നിർമ്മാണ ചുമതല. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് ആണ് പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓരോഘട്ടത്തിലും പദ്ധതിയുടെ കൃത്യത ഉറപ്പാക്കുകയും ആഴ്ചതോറും വിവിധ വകുപ്പുകളുടെ അവലോകന യോഗങ്ങൾ ചേർന്ന് അതിവേഗ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
അടുത്തവർഷം പൂർത്തിയാകും
1.ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനായി 24.45 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്.ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിംഗ്,സൂചനാ ബോർഡുകൾ,പാർക്കിംഗ് മൈതാനം,പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ,കായിക വേദികൾ,സി.സി.ടി.വികൾ,മാലിന്യ സംസ്കരണം എന്നിവ ഇതിൽ ഉൾപ്പെടും
2.കനാൽ കരകളുടെ നവീകരിക്കുന്നതിന് 37 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ, ബോട്ട് ജെട്ടി വികസനം, പൊതുജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, സൂചനാ ബോർഡുകൾ, സി.സി.ടി.വികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറികൾ എന്നിവ വരും
3.പുന്നമട ഫിനിഷിംഗ് പോയിന്റിനായി 8.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാർക്കിംഗ്, മറീന, എക്‌സ്പീരിയൻസ് സെന്റർ, ഇൻഫർമേഷൻ കിയോസ്‌ക്കുകൾ, ജല സാഹസിക വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, ശുചിമുറികൾ തുടങ്ങിയവ ഇവിടെ വരും.
4. ഇവ കൂടാതെ ഡിജിറ്റൽ ആൻഡ് സ്മാർട്ട് ടൂറിസം, സാംസ്‌കാരിക, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സുസ്ഥിരത പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് നാല് കോടി രൂപയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്
പദ്ധതി ചെലവ്
(കോടിയിൽ)
ആകെ: 93.177
ആലപ്പുഴ
ബീച്ചിന്: 24.45
കനാൽകര
നവീകരണത്തിന്: 37
പുന്നമട ഫിനിഷിംഗ്
പോയിന്റിന്: 8.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |