കോഴിക്കോട്: എ.ഐ ക്യാമറകൾ മിഴിയടച്ചെന്നു കരുതേണ്ട, പിടിവീണാൽ വെെകിയാലും പിഴയടക്കേണ്ടി വരും. ജില്ലയിലെ ക്യാമറകളിൽ കുടുങ്ങിയവരിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് ഈടാക്കിയത് 66,91,10,250 കോടി രൂപ. 2023 ജൂൺ മുതൽ 2025 ആഗസ്റ്റ് 30 വരെ ജില്ലയിലെ 61 ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് 10, 64, 422 ചലാനുകളാണ് അയച്ചത്. സംസ്ഥാനത്തെ 631 ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് 737,00,56,252 കോടിയും പിഴ ഈടാക്കി. ഓരോ മാസവും എ.ഐ ക്യാമറ വഴി നാലായിരത്തിലധികം നിയമലംഘനങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ക്യാമറ സ്ഥാപിച്ച ആദ്യകാലങ്ങളിൽ വാഹന യാത്രക്കാർ ജാഗ്രത കാണിച്ചിരുന്നെങ്കിലും ഇപ്പോൾ കുറഞ്ഞെന്നാണ് വിലയിരുത്തൽ. ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ലെന്ന ധാരണയാണ് ഇതിന് പിന്നിൽ. നിയമലംഘനം തെളിഞ്ഞാൽ മോട്ടോർ വാഹന വകുപ്പ് ആർ.സി ഉടമയുടെ മൊബൈലിലേക്ക് മെസേജ് അയക്കുകയാണ് പതിവ്, എന്നാൽ ചിലരുടെ ഫോൺ നമ്പർ മാറിയതിനാൽ മെസേജ് ലഭിക്കില്ല. അതിനാൽ പിഴ ചുമത്തിയ കാര്യം അറിയാതെ വരും. പിന്നീട് വാഹനത്തിന്റെ ആർ.സി പുതുക്കുകയോ പരിവാഹൻ വെബ്‌സൈറ്റ് പരിശോധിക്കുകയോ ചെയ്യുമ്പോഴാണ് പിഴ ചുമത്തിയ കാര്യം അറിയുന്നത്. നിയമലംഘനം നടത്തുന്നവർക്ക് നിയമപരമായി നോട്ടീസയയ്ക്കാൻ പദ്ധതി നിയന്ത്രിക്കുന്ന കെൽട്രോൺ കാലതാമസം വരുത്തുന്നതും പിഴത്തുക സമയത്തിന് ഈടാക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാക്കുന്നു.
മിഴിയടച്ചിട്ടില്ല ക്യാമറകൾ
മഴ പെയ്തും അല്ലാതെയും ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന ധാരണ വേണ്ട. തുടക്കത്തിൽ ജില്ലയിൽ സ്ഥാപിച്ച 64 ക്യാമറകളിൽ മൂന്നെണ്ണമൊഴികെ മറ്റുള്ളവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ബീച്ചിലും വടകരയിലുമുള്ള ക്യാമറ പോസ്റ്റുകൾ തുരുമ്പ് പിടിച്ചതോടെ അറ്റകുറ്റപ്പണിക്കായും ബാലുശ്ശേരി വട്ടോളിയിലുള്ളത് അപകടത്തെത്തുടർന്ന് ഊരി വെച്ചതുമാണ്. ഇവ അടുത്ത് തന്നെ പ്രവർത്തനസജ്ജമാവും. ക്യാമറകൾ വന്നതോടെ ആദ്യ ഘട്ടത്തിൽ എല്ലാവരും നിയമങ്ങൾ പാലിച്ചിരുന്നെങ്കിലും പിന്നീട് നിയമലംഘനങ്ങൾ പതിവായി.
നിയമ ലംഘനങ്ങൾ
സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കൽ
ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കൽ
ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര
വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗം
സിഗ്നൽ ലംഘനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |