മലയിൻകീഴ് (തിരുവനന്തപുരം): ശബരിമലയിൽ രാഷ്ട്രപതി ദൗപദി മുർമുവിനെ കൈപിടിച്ച് പതിനെട്ടാം പടി കയറ്റി സന്നിധാനത്തേക്ക് ആനയിച്ചത് മലയാളിയായ എ.ഡി.സി സൗരഭ് എസ്. നായർ. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയാണ്. ഒരു മകനെപ്പോലെ ശബരിമലയിലേക്ക് രാഷ്ട്രപതിയെ സൗരഭ് നയിച്ചു. രാഷ്ട്രപതിക്കൊപ്പം പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് സൗരഭും മലകയറിയത്. സന്നിധാനത്തെ കാര്യങ്ങൾ രാഷ്ട്രപതിക്ക് വിവരിച്ചു നൽകിയതും സൗരഭാണ്. ശബരിമലയിലേക്കുള്ള യാത്രയിലുടനീളം സൗരഭ് രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
മലയിൻകീഴ് മച്ചേൽ ഈരച്ചോട്ടുകോണം വീട്ടിൽ എസ്. സുനിൽ കുമാറിന്റെയും എസ്. ബിന്ദുവിന്റെയും മൂത്ത മകനാണ് സൗരഭ്. ഒന്നര വർഷം മുമ്പാണ് രാഷ്ട്രപതിയുടെ എ.ഡി.സിയായി ചുമതലയേറ്റത്. പ്ലസ് ടുവിനു ശേഷം യു.പി.എസ്.സി പരീക്ഷ പാസായി നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നു. തുടർന്ന് എയർഫോഴ്സിൽ സ്ക്വാഡ്രൺ ലീഡറായി ജോലിയിൽ പ്രവേശിച്ചു. അവിടെ നിന്നാണ് രാഷ്ട്രപതിയുടെ എ.ഡി.സിയായി എത്തിയത്.
സൗരഭിന്റെ പിതാവ് കോഫി ഹൗസ് ജീവനക്കാരനായിരുന്നു. ഇപ്പോൾ കോവളത്തെ ഒരു ഹോട്ടലിൽ ഷെഫാണ്. സഹോദരി സർധി. എസ്. നായർ മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി.
ചൊവ്വാഴ്ച സൗരഭിന്റെ മാതാപിതാക്കളും സഹോദരിയും രാജ്ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടിരുന്നു. നല്ല മിടുക്കൻ മകനാണ് സൗരഭ് എന്ന് രാഷ്ട്രപതി പറഞ്ഞപ്പോൾ അഭിമാനം തോന്നിയതായി മാതാപിതാക്കൾ പറഞ്ഞു. സൗരഭിന്റെ സഹോദരിയുടെ പഠനകാര്യങ്ങളും രാഷ്ട്രപതി ചോദിച്ചറിഞ്ഞു.
അഭിമാനമെന്ന്
മാതാപിതാക്കൾ
രാഷ്ട്രപതിക്കൊപ്പം കെട്ടുനിറച്ച് ശബരിമലയ്ക്ക് പോകാൻ മകന് സാധിച്ചത് ഭാഗ്യമെന്ന് സൗരഭിന്റെ മാതാവ് ബിന്ദു 'കേരളകൗമുദി'യോട് പറഞ്ഞു. രാഷ്ട്രപതി ശബരിമലയ്ക്ക് പോകാൻ മകൻ നിമിത്തമായതിൽ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |