വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തി ചിത്രം ബ്ലോക്‌ബസ്റ്റർ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയിൽ ശോഭനയ്‌ക്കുവേണ്ടി താനായിരുന്നു ഡബ്ബ് ചെയ്തിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'അടുത്തിടെ എനിക്കൊരു വലിയ വിഷമമുണ്ടായി. എല്ലാവർക്കുമറിയാം ശോഭനയുടെ ഒട്ടുമിക്ക സിനിമകളിലും ഞാനാണ് ഡബ്ബ് ചെയ്യാറ്. ഏറ്റവും സ്വീറ്റാകുന്നത് എന്റെ ശബ്ദമാണെന്നൊക്കെ എല്ലാവരും പറയാറുണ്ട്. തുടരും സിനിമ ഞാൻ ഡബ്ബ് ചെയ്തതാണ്. ഞാൻ ആദ്യമായിട്ടാണ് പുറത്തുപറയുന്നത്. പറയണമെന്ന് ആഗ്രഹമുണ്ടായിരുന്ന വിഷയമാണ്. തുടരും സിനിമയുടെ ഡബ്ബിംഗിന് വിളിച്ചു. നിങ്ങൾ ഡബ്ബിംഗ് തുടങ്ങിയിട്ട് കുറേയായില്ലേയെന്ന് ചോദിച്ചു. എല്ലാവരുടെയും കഴിഞ്ഞു, ലാൽ സാറൊക്കെ ചെയ്തു. ചേച്ചി മാത്രമേ ബാക്കിയുള്ളൂവെന്ന് പറഞ്ഞു.
തമിഴ് ക്യാരക്ടറാണെന്ന് പറഞ്ഞപ്പോൾ, ശോഭന നന്നായി തമിഴ് പറയുമല്ലോ, അവരെക്കൊണ്ടുതന്നെ ഡബ്ബ് ചെയ്യിപ്പിച്ചുകൂടേയെന്ന് അങ്ങോട്ട് ചോദിച്ചു. അങ്ങനെയൊരു ഡിസ്‌കഷൻ നടന്നു, ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ തരുൺ മൂർത്തി അടക്കമുള്ള എല്ലാവരും ഭാഗ്യ ചേച്ചി മതിയെന്ന് തീരുമാനിച്ചെന്ന് അവർ പറഞ്ഞു.
അങ്ങനെ ഞാൻ പോയി ഡബ്ബ് ചെയ്തു. ഡബ്ബിംഗിൽ എന്റെ കോൺഫിഡൻസ് ഇല്ലാതായി. എന്റെ വോയിസ് ഓവർ എക്സ്‌പോസ്ഡ് ആയെന്ന് തോന്നിത്തുടങ്ങി. അവിടെ ചെന്ന് കണ്ടപ്പോൾ ശോഭന ചെയ്താൽ പോരായിരുന്നോയെന്ന് ചോദിച്ചു. അപ്പോഴും തരുൺ മൂർത്തിയും സുനിലുമെല്ലാം ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു.
ഫുൾ സിനിമ ഡബ്ബ് ചെയ്തു. ക്ലൈമാക്സ് ഒക്കെ അലറി നിലവിളിച്ചു. അത്രയും എഫർട്ടെടുത്ത് ചെയ്തു. വിലപേശാതെ പറഞ്ഞ തുക മുഴുവൻ തന്നു. പക്ഷേ പടം റിലീസാകുന്നേയില്ല. ഡബ്ബിംഗ് കഴിഞ്ഞ് ഒരു മാസമൊക്കെയായി. ഞാൻ അങ്ങോട്ട് വിളിച്ച് ചോദിച്ചു. ചെറിയ ചെറിയ കുറച്ച് കറക്ഷൻസൊക്കെ ഉണ്ട്, ചേച്ചിയോട് എങ്ങനെ പറയുമെന്ന് വിചാരിച്ചാണെന്നും ചേച്ചിയുടെ വോയിസ് മാറ്റിയെന്നും പറഞ്ഞു.
ശോഭന തന്നെ ഡബ്ബ് ചെയ്‌തെന്ന് പറഞ്ഞപ്പോൾ എന്നെ വിളിച്ച് പറയുകയെന്നൊരു മര്യാദയില്ലേയെന്ന് ഞാൻ ചോദിച്ചു. എന്നോട് അവർ ഓപ്പണായി പറഞ്ഞതാണ്. എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചില്ലെങ്കിൽ ഞാൻ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുപോലും. അപ്പോൾ അവർ ശോഭനയെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു. അഭിനയിച്ച വ്യക്തിക്ക് അവരുടെ വോയിസ് തന്നെ കൊടുക്കാൻ എല്ലാവിധ അവകാശവുമുണ്ട്. അതിൽ ആരും കൈകടത്താൻ പാടില്ല. ആർക്ക് ആര് വോയിസ് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് സംവിധായകന്റെ പരമാധികാരമാണ്. അത് ആർട്ടിസ്റ്റിന് ചെയ്യാൻ കോൺഫിഡൻസുണ്ടെങ്കിൽ അത് ആർട്ടിസ്റ്റിന് ചെയ്യാനുള്ള അവകാശമുണ്ട്. അതിലൊന്നും എനിക്ക് എതിർപ്പില്ല. പക്ഷേ ഇത്രയും സിനിമ ഡബ്ബ് ചെയ്ത ആർട്ടിസ്റ്റാണ്. ശോഭനയ്ക്ക് എന്നെ വിളിച്ചൊരു വാക്ക് പറയാമായിരുന്നു. അതവർ പറഞ്ഞില്ല. സംവിധായകനും നിർമാതാവും പറഞ്ഞില്ല.
ഇത് സംവിധായകൻ പ്രമോഷൻ അഭിമുഖത്തിൽ പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോൾ തന്നെ ശോഭനയുടെ ഓൺ വോയിസാണെന്ന് തീരുമാനിച്ചെന്ന്. പടം ഞാൻ ഫസ്റ്റ് ഡേ കാണാൻ പോയി. ക്ലൈമാക്സിൽ അവർ എന്റെ വോയിസ് ഉപയോഗിച്ചിട്ടുണ്ട്. കാരണം അത്രയും അലറി നിലവിളിച്ച് ശോഭനയ്ക്ക് ചെയ്യാനാകില്ല. അത്ര എക്സ്പീരിയൻസില്ല.എത്തിക്സ് കാണിച്ചില്ലെന്നതിൽ നല്ല സങ്കടമുണ്ട്.'- ഭാഗ്യലക്ഷ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |